കൊല്ലം: ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സുബൈദുമ്മയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. സര്‍ക്കാരിന്റെ ക്ഷണക്കത്ത് സുബൈദുമ്മയ്ക്ക് ലഭിച്ചു. ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സുബൈദുമ്മ.
നിറഞ്ഞ സന്തോഷമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും സുബൈദുമ്മ പറഞ്ഞു. ‘കടയടച്ചിട്ടിരിക്കുകയാണ്, ആടിന് തീറ്റ കൊടുക്കാന്‍ പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ ചോദിക്കുമായിരുന്നു ഉമ്മയെ ക്ഷണിച്ചില്ലേ എന്ന്. അപ്പോ പറയും അതൊക്കെ വലിയ ആളുകള്‍ പോകുന്നതല്ലേ, നമ്മള് പാവപ്പെട്ടവര്‍ എന്തിനാ പോകുന്നേ.. ടിവിയില്‍ കണ്ട് സന്തോഷിപ്പിക്കാം.
ആളുകള്‍ ചോദിച്ച് പോയിക്കഴിയുമ്പോ ഭര്‍ത്താവ് ചോദിക്കും എന്താ കാര്യമെന്ന്, ചിലപ്പോ നിനക്കൊരു വിളി വരുവായിരിക്കുമെന്ന് ഭര്‍ത്താവ് പറയും. കളക്ടറേറ്റിലെ സാറ് ഇന്നലെ രാവിലെ 11 മണിക്ക് പേപ്പര്‍ കൊണ്ടുവന്നു. സന്തോഷമായി, മക്കളെ വിളിച്ച് വിവരം പറഞ്ഞു. കൊവിഡ് ആയതോണ്ട് പോവണ്ടയെന്ന് എല്ലാരും പറഞ്ഞു. കിട്ടിയ സ്ഥിതിക്ക് പോയേ പറ്റൂവെന്ന് മനസിന് ഭയങ്കര ഇത്.’ സുബൈദുമ്മ പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായിരുന്ന രണ്ടുലക്ഷം രൂപയും സംഭാവന ചെയ്ത ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനും ക്ഷണം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ക്ഷണകത്ത് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ജനാര്‍ദനന് കൈമാറിയത്.
മുഖ്യമന്ത്രിയായി പിണറായി വിജയന്‍ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അതിഥിയായി വിശിഷ്ട വ്യക്തികള്‍ക്കൊപ്പം ഇരിക്കാന്‍ കഴിയുകയെന്നത് സ്വപ്നത്തില്‍പോലും ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.