മുംബൈ: കെ.എം മാണിയുടെ സ്മാരകം പണിയാന്‍ ബജറ്റില്‍ അഞ്ചു കോടി രൂപ വകയിരുത്തിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍. കെ.എം മാണിയുടെ മ്യൂസിയത്തില്‍ നോട്ടെണ്ണുന്ന മെഷീനുമുണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. മലയാളികള്‍ ആര്‍ക്കാണ് ബഹുമാനം നല്‍കുന്നത് എന്ന് മനസിലാക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുംബൈ കേരളീയ സമാജത്തിന്റെ നവതി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാണിസാറിന്റെ മ്യൂസിയത്തില്‍ നോട്ടുകള്‍ എണ്ണുന്നമെഷീനും സ്ഥാനം പിടിക്കും. വരും തലമുറക്ക് കണ്ട് ആസ്വദിക്കാനായിട്ട് അത്തരം മ്യൂസിയങ്ങള്‍ കൂടി ആവശ്യമുണ്ട്. മലയാളികള്‍ എങ്ങനെയാണ് ആളുകളെ ആദരിക്കുന്നത്. ആര്‍ക്കാണ് മലയാളികള്‍ ബഹുമാനം നല്‍കുന്നത് എന്ന് മനസിലാക്കാനും ഇത് സഹായിക്കും’ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
കെഎം മാണിയുടെ സ്മാരകത്തിനായി അഞ്ചു കോടി വകയിരുത്തിയതിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സര്‍ക്കാര്‍ ഇത്രഅധികം സാമ്ബത്തിക പ്രശ്നം നേരിടുന്ന സമയത്ത് സ്മാരകം പണിയാന്‍ കോടികള്‍ മുടക്കുന്നത് ശരിയല്ല എന്നാണ് വിമര്‍ശനം. അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ പാര്‍ട്ടി ഫണ്ടില്‍ നിന്നാണ് പണം നല്‍കേണ്ടതെന്നാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം വരെ ഈ നടപടിയെ പരിഹസിച്ച് രംഗത്തെത്തി.