കോഴിക്കോട്: ജനപ്രതിനിധികള്‍ക്ക് പോലീസ് സെല്യൂട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കെ മേലുദ്യോഗസ്ഥന് സല്യൂട്ട് നല്‍കിയത് ശരിയായില്ലെന്ന കാരണത്താല്‍ എസ്ഐക്കെതിരേ നടപടി. കോഴിക്കോട് സിറ്റി പോലീസിലെ പ്രിന്‍സിപ്പല്‍ എസ്ഐക്കെതിരേയാണ് മേലുദ്യോഗസ്ഥന്‍ നടപടി സ്വീകരിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. തിരക്കേറിയ സമയത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ മേലുദ്യോഗസ്ഥന്റെ വാഹനം കടന്നുപോകുമ്പോള്‍ ശരിയായ രീതിയില്‍ സല്യൂട്ട് നല്‍കിയില്ലെന്നാണ് പരാതി.
കൈ ഉയര്‍ത്തിയുള്ള സല്യൂട്ടിലെ അപാകത കണ്ടയുടന്‍ മേലുദ്യോഗസ്ഥന്‍ വിളിച്ചുവരുത്തുകയും എആര്‍ ക്യാമ്പില്‍ ഒരു ദിവസം പരിശീലനത്തിനായി അയയ്ക്കുകയുമായിരുന്നു. അതേസമയം, ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ മേലുദ്യോഗസ്ഥര്‍ക്കു സല്യൂട്ട് നല്‍കേണ്ടതില്ലെന്നു ഡിജിപി നേരത്തെ ഉത്തരവിറക്കിയിരുന്നു.
തിരക്കേറിയ സമയത്ത് സല്യൂട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്തായിരുന്നു ഉത്തരവ്. പോലീസ് സല്യൂട്ട് ചെയ്യാത്തതിലുള്ള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ഭരണാനുകൂല സംഘടനയായ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു നിലപാട് വിശദമാക്കി രംഗത്തെത്തിയിരുന്നു.
ചിലരെങ്കിലും ധരിക്കുന്നതു പോലെ താഴ്ന്ന റാങ്കില്‍ ഉള്ളവര്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ളവരെ ‘വണ്‍വേ’ ആയി ചെയ്യുന്ന ആചാരമല്ല സല്യൂട്ട് എന്നായിരുന്നു സി.ആര്‍. ബിജുവിന്റെ പ്രതികരണം. കേരള പോലീസ് ഉള്‍പ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങള്‍ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് സല്യൂട്ടെന്നും സല്യൂട്ട് എന്നത് പരസ്പര ബഹുമാനത്തിന്റെ കൂടി രൂപമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയിരുന്നു.
റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുമ്പോള്‍ റോഡില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ല എന്നാണ് പരാതി. ഇത്തരത്തില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ല. അവര്‍ ട്രാഫിക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ സല്യൂട്ട് ഉള്‍പ്പെടെയുള്ള ആചാരമല്ല ചെയ്യേണ്ടത്, ഔദ്യോഗിക കൃത്യം ഭംഗിയായി നിറവേറ്റുകയാണ് വേണ്ടത് എന്ന വ്യക്തമായ നിര്‍ദേശം ഉള്‍പ്പെടെ സര്‍ക്കുലറായി ജീവനക്കാര്‍ക്കു നല്‍കിയിട്ടുള്ള പുരോഗമനപരവും സാമൂഹ്യ വീക്ഷണവും ഉള്ള മേലുദ്യോഗസ്ഥന്മാരാല്‍ നയിക്കുന്ന സേനയാണ് കേരള പോലീസ് എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നുവെന്നായിരുന്നു’ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം എസ്ഐക്കെതിരേ സ്വീകരിച്ച നടപടി പോലീസിനുള്ളില്‍ വിവാദമായി മാറിയിട്ടുണ്ട്. സല്യൂട്ട് വിവാദത്തില്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കുമെന്നതാണ് പോലീസുകാര്‍ ഉറ്റുനോക്കുന്നത്.