ന്യൂഡല്‍ഹി: റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്റെ പന്ത്രണ്ടാം ദിവസമെടുക്കുമ്പോള്‍, ഏകദേശം പകുതിയിലധികം ഇന്ത്യക്കാരും നാട്ടിലെത്തി. ഇനി അവശേഷിക്കുന്നത് സുമിയിലെ 700 പേരടക്കമുള്ളവരാണ്. ഉക്രൈനില്‍ കുടുങ്ങിയ മലയാളികളില്‍ ഭൂരിഭാഗം പേരും തിരിച്ച് നാട്ടിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെയുള്ള കണക്കുപ്രകാരം രണ്ടായിരത്തിലേറെ മലയാളി വിദ്യാര്‍ഥികള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞു. ഉക്രൈനില്‍ നിന്നെത്തുന്നവരെ കേന്ദ്രമന്ത്രിമാര്‍ ഡല്‍ഹിയിലെ, എയര്‍പോര്‍ട്ടില്‍ നേരിട്ടെത്തിയാണ് സ്വീകരിക്കുന്നത്. ആദ്യദിവസം സ്മൃതി ഇറാനി കുട്ടികളെ സ്വീകരിക്കാനെത്തിയിരുന്നു.
ഉക്രൈനില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടിന് മുന്നില്‍ കാത്തുനില്‍ക്കുന്ന കേന്ദ്രമന്ത്രി എ.മുരുകന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. പുറത്തേക്ക് കടന്നു വരുന്ന വിദ്യാര്‍ത്ഥികളെ ഓരോരുത്തരെയും വളരെ ബഹുമാനത്തോടെ, കൈകൂപ്പിയാണ് അദ്ദേഹം സ്വീകരിക്കുന്നത്. എന്നാല്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ഇവരില്‍ ഭൂരിഭാഗം പേരും തിരിച്ച് യാതൊരു പ്രതികരണവും നല്‍കാതെയാണ് പുറത്തേക്ക് പോകുന്നത്. ചിലര്‍ മാത്രം അദ്ദേഹത്തെ നോക്കി തലയാട്ടുകയും നമസ്‌കാരം പറയുകയും ചെയ്യുന്നുണ്ട്. ഒരാള്‍ ബഹുമാനത്തോടെ സ്വീകരിച്ച് കൈകൂപ്പി നമസ്‌ക്കാരം പറയുമ്പോള്‍ തിരിച്ച് നമസ്‌ക്കാരം പറയുകയോ മുഖത്തേക്ക് നോക്കുകയോ ചെയ്യാതെ കടന്നു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്.
തിരിച്ചെന്തെങ്കിലും പറയാനുള്ള സാമാന്യ വിവരമോ, സംസ്‌ക്കാരമോ, മനുഷ്യത്വമോ ഇല്ലാത്ത ഇവരാണോ നാളെ ഡോക്ടറായി മനുഷ്യ ജീവനെ മനുഷ്യത്വത്തേടെ ചികില്‍സിക്കാന്‍ പോകുന്നത് എന്ന് ഒരു നേവി ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു. ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതിനുതാഴെ, വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ചും അനുകൂലിച്ചും അഭിപ്രായം പറയുന്നവരുണ്ട്. സമയം പോകാന്‍ ആരോ വന്ന് നില്‍ക്കുന്നതായിട്ടായിരിക്കാം അവര്‍ക്ക് തോന്നുന്നതെന്നും, ഇവരില്‍ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്നും വിമര്‍ശിക്കുന്നവരുണ്ട്.
‘രക്ഷിച്ചോ ശിക്ഷിച്ചോ എന്നൊന്നും അല്ല നോക്കേണ്ടത്. ഒരാള്‍ അഭിവാദ്യം ചെയ്താല്‍ പ്രത്യഭിവാദ്യം എന്നുള്ളത് ഒരു സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. അതൊക്കെ പൈതൃക ഗുണവും ആണ്. ഡോക്ടര്‍ ആകാന്‍ വിദേശത്തുപോയി പഠിച്ചിട്ട് വരുന്ന വിദ്യാര്‍ത്ഥികളുടെ മുന്നില്‍ കൈകൂപ്പി നമസ്‌കാരം പറയുന്ന ആ വലിയ മനുഷ്യനെ ശ്രദ്ധിക്കാതെ പോകുന്ന കുട്ടികള്‍ വിദ്യാഭ്യാസത്തിനു തന്നെ പോയവരാണോ..? വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കാതെ പോയിട്ടും വീണ്ടും വീണ്ടും കൈകൂപ്പി നമസ്‌കാരം പറയുന്ന ആ വലിയ മനുഷ്യന് എന്റെ ബിഗ് സല്യൂട്ട്’, ഇങ്ങനെ പോകുന്നു വിമര്‍ശന കമന്റുകള്‍.
എന്നാല്‍, ദുരന്ത മുഖത്ത് നിന്നും വളരെ കഷ്ടപ്പെട്ട് എത്തിയ വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ അവസ്ഥ പരിഗണിക്കണമെന്നും അവര്‍ അവധി ആഘോഷിക്കാന്‍ എത്തിയവരെല്ലെന്ന് മനസിലാക്കണമെന്നും വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് സംസാരിക്കുന്നവരുമുണ്ട്.