ന്യൂഡല്‍ഹി: കള്ളക്കേസുകളില്‍ കുടുക്കി ജീവിതം നശിപ്പിക്കുമെന്ന ഡല്‍ഹി പോലീസ് ഭീഷണിപ്പെടുത്തുന്നതായി ജാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. വാര്‍ത്താസമ്മേളനത്തിലാണ് ഡല്‍ഹി പോലീസിനെതിരേ ആരോപണങ്ങളുമായി ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എത്തിയത്. കള്ളക്കേസ് ഉണ്ടാക്കാന്‍ ജെസിബി ഉപയോഗിച്ച് അലിഗഡ് സര്‍വകലാശാലയില്‍ നിന്നും തങ്ങളുടെ ബൈക്കുകള്‍ പോലീസ് എടുത്തുകൊണ്ടു പോയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ലൈബ്രറിയില്‍ കയറി പോലീസ് അതിക്രമം കാട്ടിയെന്നും കൈ തല്ലിയൊടിച്ചെന്നും പറഞ്ഞു.
സര്‍വകലാശാലയിലെ പ്രതിഷേധത്തിന് നേരെ പോലീസ് വെടിവെച്ചില്ലെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം ഇവര്‍ തള്ളുകയും ചെയ്തു. പോലീസ് വെടിവെച്ചെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ വിരല്‍ മുറിച്ചു മാറ്റേണ്ടി വന്നതായും അവര്‍ ഡല്‍ഹിയില്‍ പറഞ്ഞു. സംഘര്‍ഷത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പിടിയലായ പത്തുപേര്‍ വിദ്യാര്‍ത്ഥികള്‍ അല്ലെന്നും പുറത്തുള്ളവരാണെന്നും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും പോലീസ് പറഞ്ഞു.
അനുമതിയില്ലാതെ ക്യാംപസില്‍ കയറിയതിനും വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചതിനും ഇന്ത്യയിലുടനീളമുള്ള സര്‍വകലാശാലകള്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ജാമിയ മിലിയ, അലീഗഡ് സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഹാവാര്‍ഡ് സര്‍വകലാശാലയിലെ നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന് തുറന്ന കത്തെഴുതുകയും ചെയ്തു. പ്രതിഷേധക്കാരെ അക്രമാസക്തമായി അടിച്ചമര്‍ത്തുന്നു എന്നാരോപിച്ചാണ് കത്ത്.