വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; കൊല്ലത്ത് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: എഴുകോണില്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോച്ചംകോണം അനന്തുസദനത്തില്‍ സുനില്‍കുമാറിന്റെയും ഉഷാകുമാരിയുടെയും മകള്‍ അനഘ സുനില്‍(19) ആണ് മരിച്ചത്. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ തേനിയിലെ കോളജില്‍ പാരാമെഡിക്കല്‍ കോഴ്‌സിനു പ്രവേശനം നേടിയ അനഘ പഠന ചെലവിനായി ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചു. 4 ലക്ഷം രൂപയാണു പഠനച്ചെലവായി വേണ്ടിയിരുന്നത്. ഇന്നലെ വായ്പ സംബന്ധിച്ച വിവരങ്ങള്‍ തിരക്കാന്‍ അനഘ ബാങ്കില്‍ പോയിരുന്നു. എന്നാല്‍, ബാങ്കില്‍നിന്നു വായ്പ ലഭിക്കുന്ന കാര്യം സംശയമാണെന്നു മകള്‍ വിളിച്ചു പറഞ്ഞതായി പിതാവ് പറഞ്ഞു.

മാതാപിതാക്കള്‍ വീട്ടിലെത്തി വിളിച്ചപ്പോള്‍ അനഘ വാതില്‍ തുറന്നില്ല. കതക് ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട് വയ്ക്കാന്‍ ഇതേ ബാങ്കില്‍ നിന്നു വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് കുടിശിക ആയതിനാല്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അതു തടസ്സമാകുമോ എന്ന സംശയത്തില്‍ 45,000 രൂപ ഈയിടെ കുടുംബം ബാങ്കില്‍ അടക്കുകയും ചെയ്തിരുന്നു.

എന്നിട്ടും വിദ്യാഭ്യാസ വായ്പ ലഭിച്ചില്ല. നാളെ കോളജില്‍ ക്ലാസ് തുടങ്ങാനിരിക്കുകയായിരുന്നു. ഇതിനു മുന്‍പായി ഫീസ് അടയ്ക്കണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍, അനഘയ്ക്കു വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ ഒരു തടസവും ഉന്നയിച്ചിരുന്നില്ലെന്നും വായ്പ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തു വരികയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News