തൃശൂര്‍: വിദ്യാര്‍ഥിയുടെ കാലില്‍ വിഷപ്പാമ്പ് ചുറ്റി. തൃശൂര്‍ മോഡല്‍ ബോയ്സ് സ്കൂള്‍ വളപ്പില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ നൈതിക് ഷോബിയുടെ (15) കാലിലാണ് അണലി ചുറ്റിപ്പിണഞ്ഞത്. ഉടന്‍ പാമ്പിനെ കുടഞ്ഞെറിയാന്‍ നൈതിക് കാട്ടിയ മനോധൈര്യം കടിയേല്‍ക്കാതെ രക്ഷപ്പെടാന്‍ തുണയായി.
കാലില്‍ മുറിപ്പാടു കണ്ടെങ്കിലും വിദഗ്ധ പരിശോധനയില്‍ പാമ്പിന്റെ കടിയേറ്റുണ്ടായ മുറിവല്ലെന്നു വ്യക്തമായി.രാവിലെ പത്തുമണിയോടെ സ്കൂളിന്റെ പിന്‍വശത്തെ ഗേറ്റിനു സമീപമാണു സംഭവം. ഉപയോഗരഹിതമായ കമ്പികളും നിര്‍മാണ സാമഗ്രികളുമൊക്കെ കൂട്ടിയിട്ടതിനു സമീപം പുല്‍പ്പടര്‍പ്പുള്ള ഭാഗത്തിനരികിലൂടെ ക്ലാസ്മുറി ലക്ഷ്യമാക്കി നടക്കുകയായിരുന്നു നൈതിക്.
കാലില്‍ എന്തോ തടഞ്ഞതു പോലെ തോന്നി നോക്കിയപ്പോഴാണ് പാമ്പ് ചുറ്റിപ്പിണയുന്നതു കണ്ടത്. ഷൂസ് ധരിച്ച കാല്പാദത്തിലേക്കു കടിയേല്‍ക്കുന്നതിനു മുന്‍പു തന്നെ നൈതിക് കുടഞ്ഞെറിഞ്ഞു. വിവരമറിഞ്ഞ് അധ്യാപകരും വിദ്യാര്‍ഥികളും ഓടിക്കൂടി. ഉടന്‍ നൈതികിനെ ജൂബിലി മിഷന് ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ പാമ്പു കടിച്ചിട്ടില്ലെന്നു വ്യക്തമായതോടെ ആശുപത്രി വിട്ടു.