അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ എട്ട് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

നിലവില്‍ അതിതീവ്ര ന്യുനമര്‍ദ്ദം ശ്രീലങ്കയ്ക്ക് 310 കിലോമീറ്റര്‍ വടക്ക് കിഴക്കായും നാഗപട്ടണത്തിന് 300 കിലോമീറ്റര്‍ കിഴക്ക് – തെക്ക് കിഴക്കായും പുതുച്ചേരിയില്‍ നിന്ന് 320 കിലോമീറ്റര്‍ കിഴക്ക് – തെക്ക് കിഴക്കായും ചെന്നൈയില്‍ നിന്ന് 390 കിലോമീറ്റര്‍ തെക്ക് – തെക്ക് കിഴക്കായുമാണ് സ്ഥിതിചെയ്യുന്നത്.

വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന അതിതീവ്രന്യുനമര്‍ദ്ദം പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.

ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

അതിനിടെ, ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം ദുര്‍ബലമാകുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്തിരുന്ന തീവ്രന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂന മര്‍ദ്ദമായി ദുര്‍ബലമായി.അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറു ദിശയില്‍ വടക്കന്‍ തമിഴ്‌നാട് തീരത്തേയ്ക്ക് നീങ്ങി ന്യൂന മര്‍ദ്ദമായി വീണ്ടും ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News