മല്ലപ്പള്ളി : കച്ചവടക്കാരനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച് ഓടിയ യുവാവിനെ കോളേജ് വിദ്യാര്‍ഥിനി പിന്നാലെ പോയി പിടികൂടി. തൃശ്ശൂര്‍ അന്തിക്കാട് പടിയം കുട്ടാല വീട്ടില്‍ നിനേഷ് (24) ആണ്, വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുറമറ്റം കമ്പനിമല പഴയില്ലത്ത് മലയില്‍ വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ വീട്ടില്‍ സാധനങ്ങള്‍ വില്‍ക്കുന്ന എക്‌സിക്യുട്ടീവാണെന്ന് പറഞ്ഞ് ചെന്നത്.
പുറമറ്റം കവലയില്‍ വ്യാപാരിയായ രാധാകൃഷ്ണന്‍ നായര്‍ വീട്ടിലില്ലായിരുന്നു. ഭാര്യ ശ്യാമള ഒന്നും വേണ്ടെന്ന് പറഞ്ഞ് തിരികെ നടക്കുമ്പോള്‍ നിനേഷ് പിന്നില്‍നിന്ന് ആക്രമിച്ചു. ഇവര്‍ വീണുപോയി.വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന മകള്‍ അഞ്ജന ആര്‍.നായര്‍ ബഹളംകേട്ട് ഇറങ്ങിവന്നപ്പോള്‍ അക്രമി ഓടി. അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ചശേഷം അഞ്ജന അക്രമിപോയ വഴിയെ ഓടി. പോസ്റ്റ് ഓഫീസ് ആര്‍.ഡി.കളക്ഷന്‍ ഏജന്റായ സ്ത്രീ സ്‌കൂട്ടറില്‍ വന്നപ്പോള്‍ അതില്‍ കയറി പിന്നാലെ പാഞ്ഞു.
പുറമറ്റം കവലയില്‍വെച്ച് അക്രമിയെ കണ്ടു. കെ.എസ്.എഫ്.ഇ.യുടെ മുന്നില്‍നിന്ന് ആളെക്കൂട്ടി ഇയാളെ പിടികൂടി. അഞ്ജന ഇയാളുടെ കരണത്തിന് രണ്ട് അടിയും കൊടുത്തു. അപ്പോഴാണ് അടുത്ത വീടായ മീഞ്ചപ്പാട്ടും ഇയാള്‍ ഇതേരീതിയില്‍ പെരുമാറിയെന്ന് അറിഞ്ഞത്. അവിടത്തെ പെണ്‍കുട്ടിയും എത്തി ഇയാളെ അടിച്ചു. അക്രമിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്വമേധയാ കേസും എടുത്തു.ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് വിദ്യാര്‍ഥിനിയായ അഞ്ജനയെ പൗരസമിതി അഭിനന്ദിച്ചു.