കാലിഫോർണിയ: 10 ദിവസത്തോളം പർവതത്തില്‍ കുടുങ്ങിപ്പോയ ഹൈക്കറെ ഒടുവിൽ രക്ഷപ്പെടുത്തി. ബൂട്ടിൽ ശേഖരിച്ച കാട്ടുപഴങ്ങളും വെള്ളവും കഴിച്ചാണ് ഇയാൾ അതിജീവിച്ചത്. 34 -കാരനായ ലൂക്കാസ് മക്‌ക്ലിഷ് എന്ന യുവാവ് സാന്താക്രൂസ് പർവതനിരകളിലാണ് കുടുങ്ങിപ്പോയത്. ജൂൺ 11 -ന് മൂന്ന് മണിക്കൂർ കൊണ്ട് തിരിച്ചെത്താമെന്ന് കരുതിയാണ് ഇയാൾ തന്റെ നടപ്പ് ആരംഭിച്ചത്.
എന്നാൽ, അധികം നടക്കും മുമ്പ് തന്നെ ലൂക്കാസിന് വഴി തെറ്റുകയായിരുന്നു. അടുത്തിടെയുണ്ടായ കാട്ടുതീ കാരണമാണ് ഇയാൾക്ക് വഴി കണ്ടുപിടിക്കുന്നത് പ്രയാസമായിത്തീർന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജൂൺ 16 -ന് ഫാദേഴ്സ് ഡേയിൽ എത്താത്തിനെ തുടർന്നാണ് ഇയാളുടെ വീട്ടുകാർ ലൂക്കാസിനെ കാണാനില്ല എന്ന് കാണിച്ച് പരാതി നൽകുന്നത്. പിന്നാലെ, യുവാവിന് വേണ്ടി തിരച്ചിലാരംഭിച്ചു.
സാന്താക്രൂസ് ഷെരീഫിൻ്റെ ഓഫീസിൽ നിന്നുള്ള ഡ്രോണാണ് ഒടുവിൽ ലൂക്കാസിനെ കണ്ടെത്തിയത്. X -ലെ (ട്വിറ്റർ) ഒരു പോസ്റ്റിൽ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ച കാൽ ഫയർ സാൻ മാറ്റിയോ പറഞ്ഞത്, ലൂക്കാസ് സഹായത്തിന് വേണ്ടി നിലവിളിക്കുന്നത് പലരും കേട്ടിരുന്നു. എന്നാൽ എവിടെ നിന്നാണ് ശബ്ദം വരുന്നത് എന്ന് കണ്ടെത്താനാവാത്തതുകൊണ്ടാണ് സഹായിക്കാൻ സാധിക്കാതിരുന്നത് എന്നാണ്.
സാന്താക്രൂസ് കൗണ്ടിയിലെ എംപയർ ഗ്രേഡ് റോഡിനും ബിഗ് ബേസിൻ ഹൈവേയ്ക്കും ഇടയിലാണ് ഒടുവിൽ ലൂക്കാസിനെ കണ്ടെത്തിയത് എന്നും പറയുന്നു.
താൻ ധരിച്ചിട്ട് പോയ വസ്ത്രവും, ഷൂസും, തൊപ്പിയും പിന്നെ ഫ്ലാഷ്‍ലൈറ്റും, ഒരു കത്രികയും മാത്രമാണ് കയ്യിലുണ്ടായിരുന്നത്. വെള്ളം കുടിക്കാൻ താൻ ശ്രദ്ധിച്ചിരുന്നു. ധാരാളം വെള്ളം കുടിച്ചിരുന്നു. അടുത്തുള്ള വെള്ളച്ചാട്ടത്തിൽ നിന്നും ബൂട്ടിലാണ് വെള്ളം ശേഖരിച്ചിട്ട് വന്നത് എന്ന് ലൂക്കാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇനി കുറച്ച് കാലത്തേക്ക് കാട്ടിലേക്കുള്ള യാത്രയില്ല എന്നും ലൂക്കാസ് പറയുന്നു.