മോഷ്ടിച്ച സ്‌കൂട്ടര്‍ വീട്ടുമുറ്റത്ത് തിരിച്ചെത്തിച്ച് മോഷ്ടാവ്; മനംമാറ്റത്തില്‍ അമ്പരന്ന് ഉടമയും പോലീസും

വേങ്ങര: മോഷ്ടിച്ച സ്‌കൂട്ടര്‍ അതേ സ്ഥലത്ത് തിരിച്ചെത്തിച്ച് മോഷ്ടാവ്. സ്‌കൂട്ടര്‍ മോഷ്ടിച്ച് ഒരു മാസത്തിനുശേഷം അതേ സ്ഥലത്തുതന്നെ തിരിച്ചെത്തിക്കുകയായിരുന്നു. കഴിഞ്ഞമാസം 21-ന് രാത്രിയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കാണാതായത്. പറപ്പൂര്‍ ചോലക്കുണ്ട് ആമക്കുളങ്ങര റഷീദിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 65 എന്‍ 7302 സ്‌കൂട്ടറാണ് മോഷണം പോയത്.

സ്‌കൂട്ടറില്‍ നിന്ന് ചാവി എടുത്ത് മാറ്റാന്‍ ഇവര്‍ മറന്നുപോയിരുന്നു. വേങ്ങര പോലീസ് കേസെടുത്തിരുന്നു. പാലക്കാട് പോലീസിന്റെ ക്യാമറയില്‍ ഈ സ്‌കൂട്ടറില്‍ രണ്ടുപേര്‍ യാത്രചെയ്യുന്ന ദൃശ്യം കഴിഞ്ഞയാഴ്ച പതിഞ്ഞു. ഇതേ തുടര്‍ന്ന് പാലക്കാടും അന്വേഷണം നടത്തുന്നതിന് ഇടയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ റഷീദിന്റെ വീട്ടുമുറ്റത്ത് വാഹനം കണ്ടെത്തിയത്.

നഷ്ടപ്പെട്ട വാഹനം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെങ്കിലും ആരാണ് തന്നെ പറ്റിച്ച കള്ളന്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് റഷീദ്. വാഹനം മറ്റു വല്ല പൊല്ലാപ്പിലും പെട്ടോയെന്ന സംശയവും അദ്ദേഹത്തിനുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News