ഭര്‍ത്താവിന്റെ അമ്മയെ കടിച്ച് പരിക്കേല്‍പ്പിച്ചു, അച്ഛനെ മര്‍ദിച്ചു; യുവതിക്ക് ഒരു വര്‍ഷം തടവ്

തൃശൂര്‍: ഭര്‍തൃ മാതാപിതാക്കള്‍ക്കെതിരായ പീഡനത്തില്‍ യുവതിക്ക് ഒരു വര്‍ഷം തടവും 500 രൂപ പിഴയും വിധിച്ച് കോടതി. ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്‌തെന്ന കേസിലാണ് ശിക്ഷ. ഒല്ലൂക്കര പുളിപറമ്പ് ഉമ നഗറില്‍ താടിക്കാരന്‍ വീട്ടില്‍ മിയ ജോസ് (32) എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. സ്‌പെഷല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് രമ്യ മേനോന്റേതാണ് വിധി.

മിയ നല്‍കിയ സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവ് ദീപു കെ തോമസിനെ വിട്ടയച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇരു കേസുകളും ഒരുമിച്ചാണു പരിഗണിച്ചത്. ഇരുവരും പിരിഞ്ഞു താമസിക്കുന്നതിനിടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ മിയ ആക്രമിച്ചതായാണ് കേസ്. 2016 ജൂലൈ 27നായിരുന്നു സംഭവം.

ദീപുവിന്റെ മാതാപിതാക്കളായ മണ്ണുത്തി കുണ്ടുകുളം ഇട്ട്യാടത്തു വീട്ടില്‍ തോമസും (65) ലൈലയും (63) താമസിക്കുന്ന വീട്ടിലെത്തിയ മിയ ഇവരെ ആക്രമിക്കുകയും ലൈലയുടെ ചുമലില്‍ കടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

കടിച്ചപ്പോള്‍ മാംസം പറിഞ്ഞുപോയതിനു തെളിവു ഹാജരാക്കിയിരുന്നു. സംഭവത്തിനു ശേഷം ദീപുവിനും മാതാപിതാക്കള്‍ക്കും എതിരെ മിയ മണ്ണുത്തി പോലീസില്‍ സ്ത്രീധന പീഡന കേസു കൊടുക്കുകയും ചെയ്തു. സംഭവ സമയം ദീപു കോട്ടയത്തെ വീട്ടിലായിരുന്നു. ഈ കേസാണു കോടതി തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News