കുമ്പഴയില്‍ അഞ്ചുവയസുകാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍ പിടിയില്‍

പത്തനംതിട്ട: കുമ്പഴയില്‍ അഞ്ചുവയസുകാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ പോലീസും കുമ്പഴ മത്സ്യ മാര്‍ക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും ചേര്‍ന്നാണ് ഇന്നലെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടിയത്. ആറ് മണിക്കൂര്‍ നീണ്ട തെരച്ചിലിനിടെ 2 പോലീസുകാരെ പ്രതി മര്‍ദിച്ചു. പ്രതി നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്.

ഇന്നലെയാണ് പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് അഞ്ചു വയസുകാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശികളായ ദമ്പതികളുടെ മകള്‍ സഞ്ജനയാണ് മരിച്ചത്. കുട്ടിയുടെ ദേഹമാസകലം മുറിവേറ്റ പാടുകളും ക്ഷതവുമുണ്ട്. രണ്ടാനച്ഛന്‍ അലക്സിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പ്രതി ചാടിപ്പോവുകയായിരുന്നു.

തമിഴ്നാട് രാജപാളയം സ്വദേശികളായ കനകയും അലക്സും 4 മാസം മുമ്പാണ് പത്തനംതിട്ട കുമ്പഴയില്‍ താമസം തുടങ്ങിയത്. വീട്ടുജോലി ചെയ്തിരുന്ന കനക മൂന്നുമണിക്ക് തിരിച്ചെത്തിയപ്പോഴാണ് കുട്ടി ചലനമറ്റ നിലയില്‍ ഭിത്തിയില്‍ ചാരി ഇരിക്കുന്നത് കണ്ടത്. നാട്ടുകാരും ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കും മുമ്പേ കുട്ടി മരിച്ചിരുന്നു. രഹസ്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായും പരിശോധനയില്‍ കണ്ടെത്തി.

കഴിഞ്ഞ രണ്ടു ദിവസമായി പെണ്‍കുട്ടി ക്രൂര മര്‍ദനം നേരിട്ടുവെന്ന് കുട്ടിയുടെ അമ്മ പോലീസിന് മൊഴി നല്‍കി. മദ്യപാനിയായ അലക്സ് മുമ്പും കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പരിചയക്കാര്‍ പറയുന്നു. താമസ സ്ഥലത്തു നിന്ന് മദ്യത്തിന് പുറമെ പോലീസ് കഞ്ചാവും കണ്ടെടുത്തിരുന്നു.

കൂലിവേലക്കാരനാണ് അലക്‌സ്. കുഞ്ഞിന്റെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News