കോട്ടയത്ത് പതിനാറുകാരിയായ മകളുടെ വസ്ത്രം വലിച്ച് കീറി നഗ്നയാക്കിയ രണ്ടാനച്ഛന്‍ പിടിയില്‍

കോട്ടയം: കടുത്തുരുത്തിയില്‍ പതിനാറുകാരിയായ മകളെ മര്‍ദിക്കുകയും വസ്ത്രം വലിച്ചു കീറി നഗ്‌നയാക്കുകയും ചെയ്ത കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുടുംബ വഴക്കിനെ തുടര്‍ന്നാണ് പതിനാറുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു വസ്ത്രം വലിച്ചു കീറി നഗ്‌നയാക്കിയതെന്ന് പോലീസ് പറഞ്ഞു.

വസ്ത്രം കീറിയതോടെ നഗ്‌നയാക്കപ്പെട്ട പെണ്‍കുട്ടി വീട്ടില്‍നിന്നും പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ വീട്ടമ്മയാണ് വസ്ത്രം നല്‍കി പെണ്‍കുട്ടിയെ രക്ഷിച്ചത്. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്റെ ആദ്യ ബന്ധത്തിലുള്ള 14 വയസുകാരനും മര്‍ദനമേറ്റു. കോതനല്ലൂരില്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവമുണ്ടായത്.

മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു പ്രതി. സംഭവ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ പ്രതി ഭാര്യയെ മര്‍ദിച്ചു. അമ്മയെ തല്ലുന്നത് കണ്ട് തടസം പിടിക്കാനെത്തിയപ്പോഴാണ് പെണ്‍ക്കുട്ടിക്കു നേരേ അതിക്രമം ഉണ്ടായത്. പെണ്‍കുട്ടിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പതിനാലുകാരനായ സഹോദരനെ പ്രതി മര്‍ദിച്ചത്. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചശേഷം വസ്ത്രങ്ങള്‍ വലിച്ച് കീറുകയായിരുന്നു.

നാട്ടുകാര്‍ ഇടപെട്ടതോടെയാണ് പ്രതി ആക്രമണം അവസാനിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് പെണ്‍കുട്ടിയുടെയും അമ്മയുടെയും 14 കാരനായ മകന്റെയും മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് കേസ് എടുത്തത്. കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.കെ. ശിവന്‍കുട്ടി, എസ്‌ഐ ടി.എസ്. റെനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News