തിരുവനന്തപുരം: 2021ലെ സംസ്ഥാന സർക്കാർ അവധികൾ വ്യക്തമാക്കുന്ന സർക്കുലർ പുറത്തിറങ്ങി. സർക്കാർ ജീവനക്കാർക്ക് ബാധകമാകുന്ന 22 അവധികളാണ് അടുത്ത വർഷമുള്ളത്. ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് 2021ലെ അവധി തുടങ്ങുന്നത്. ജനുവരി 26 റിപ്പബ്ലിക് ദിനം, മാർച്ച് 11 ശിവരാത്രി, ഏപ്രിൽ ഒന്നിന് പെസഹ വ്യാഴം, രണ്ടിന് ദുഖവെള്ളിഏപ്രിൽ 14ന് വിഷു എന്നിവയാണ് തുടർന്നുവരുന്ന അവധികൾ.
മെയ് ദിനം, മെയ് 13ന് ഇദുൽ ഫിത്തർ, ജൂലൈ 20ന് ബക്രിദ്, ഓഗസ്റ്റ് 19ന് മുഹറം, ഓഗസ്റ്റ് 20ന് ഒന്നാം ഓണം, 21ന് രണ്ടാം ഓണം, 23ന് നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, 28ന് അയ്യൻകാളി ജയന്തി, ഓഗസ്റ്റ് 30ന് ശ്രീകൃഷ്ണജയന്തി എന്നിവയാണ് തുടർന്നുള്ള അവധികൾ.
സെപ്റ്റംബർ 21ന് ശ്രീനാരായണഗുരു സമാധി, ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി, ഒക്ടോബർ 14 മഹാനവമി, 15ന് വിജയദശമി, ഒക്ടോബർ 19ന് മിലാദി ഷെരീഫ്, നവംബർ 11ന് ദീപാവലി, ഡിസംബർ 25 ക്രിസ്മസ് എന്നിവയാണ് മറ്റ് അവധികൾ.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട നാല് അവധികൾ ഇത്തവണ ഞായറാഴ്ചയാണ് വരുന്നത്. ഈസ്റ്ററിന് പുറമെ ഓഗസ്റ്റ് എട്ടിന് കർക്കിടക വാവ്, ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 22ന് മൂന്നാം ഓണം എന്നിവയാണ് ഞായറാഴ്ച.
മൂന്നു നിയന്ത്രിത അവധികളും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. മാർച്ച് 12ന് അയ്യാ വൈകുണ്ഠ സ്വാമി ജയന്തി ദിനത്തിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരുമായ നാടാർ സമുദായ അംഗങ്ങൾക്ക് അവധിയെടുക്കാം. ഓഗസ്റ്റ് 22ന് ആവണി അവിട്ടം ദിനത്തിൽ ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവർക്ക് നിയന്ത്രിത അവധിയുണ്ട്. സെപ്റ്റംബർ ഒമ്പത് വിശ്വകർമ്മ ദിനത്തിൽ വിശ്വകർമ്മ സമുദായത്തിൽപ്പെട്ട ജീവനക്കാർക്ക് അവധിയായിരിക്കും. ഇതുകൂടാതെ ബാങ്ക് ജീവനക്കാരുടെ അവധി ദിനങ്ങളും സർക്കുലറിൽ പരാമർശിച്ചിട്ടുണ്ട്.