തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിലാണ് ശ്രീറാം വെങ്കിട്ടറാം സസ്പെന്‍ഷനില്‍ കഴിയുന്നത്. സസ്പെന്‍ഷന്‍ കാലാവധി 90 ദിവസം കൂടി നീട്ടിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.
ഇതോടെ ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളി. നിലവിലെ സസ്പെന്‍ഷന്‍ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടി. ശ്രീറാമിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കരുനീക്കം നടത്തുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിനു രാത്രിയാണ് ബഷീര്‍ തിരുവനന്തപുരത്ത് കാറിടിച്ച് കൊല്ലപ്പെടുന്നത്. കേസില്‍ ഇതുവരെ പൊലീസ് കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണു ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനു ശുപാര്‍ശ നല്‍കിയത്.