തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനു പുതിയ ചുമതല നല്‍കി സര്‍ക്കാര്‍. വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പിആര്‍ഡി സംഘത്തിലാണു ശ്രീറാമിന്റെ പുതിയ നിയമനം.
ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായാണു പിആര്‍ഡിയുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്കു ശ്രീറാമിനെ നാമനിര്‍ദേശം ചെയ്തത്.
കെ.എം. ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാര്‍ച്ചിലാണു സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പില്‍ ജോയന്റ് സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിനു കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര്‍ റൂമിന്റെ ചുമതലയും സിഎഫ്എല്‍ടിസികളുടെ ചുമതലയും നല്‍കിയിരുന്നു.
വ്യാജവാര്‍ത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാല്‍ അവയ്‌ക്കെതിരെ നടപടിയ്ക്കു പൊലീസിനു കൈമാറുക, വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ സത്യാവസ്ഥ മറ്റു വകുപ്പുകളില്‍ നിന്ന് ആരാഞ്ഞു ജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ ദൗത്യങ്ങളാണ് ഇപ്പോള്‍ ഫാക്ട് ചെക്ക് ഡിവിഷന്‍ നിര്‍വഹിക്കുന്നത്.കോവിഡ് കാലയളവിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ജൂണിലാണു പിആര്‍ഡിയില്‍ ഫാക്ട് ചെക്ക് ഡിവിഷന്‍ രൂപവത്കരിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.