മാധുര്യമാര്‍ന്ന ശബ്ദത്തിലൂടെ ലോകമെമ്പാടും ആരാധകവൃന്ദത്തെ സ്വന്തമാക്കിയ ഗായികയാണ് ശ്രേയ ഘോഷാൽ. ഇന്ത്യൻ സിനിമയിൽ നിരവധി ഭാഷകളിൽ പാടിയിട്ടുള്ള ശ്രേയ 2002ൽ സീ ടിവിയിലെ സ രി ഗ മ എന്ന ഷോയിൽ വന്ന സമയത്ത് സംവിധായകൻ സഞ്ജയ് ലീലബന്‍സാലി
പരിപാടി കാണുകയും സിനിമയിൽ പാടാൻ അവസരം നൽകുകയും ചെയ്തു. അതിന് ശേഷം ഉന്നതികളിലേക്ക് നടന്നുകയറിയ ശ്രേയയ്ക്ക് പിന്നീട് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
4 നാഷണൽ അവാർഡും 7 ഫിലിം ഫെയർ അവാർഡും 4 തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡും 2 തവണ തമിഴ് നാട് സർക്കാരിന്റെ അവാർഡും 10 തവണ സൗത്ത് ഫിലിം ഫെയർ അവാർഡും തുടങ്ങി നിരവധി അംഗീകാരങ്ങൾ താരം നേടിയിട്ടുണ്ട്. മലയാള സിനിമയിൽ ശ്രേയ ആദ്യമായി പാടുന്നത് ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ്. ശ്രേയയുടെ ശബ്ദം ഏറ്റവും കൂടുതൽ തവണ മലയാളികളെ കേൾപ്പിച്ചത് എം.ജയചന്ദ്രൻ എന്ന സംഗീതജ്ഞനാണ്. ശ്രേയ ഒരു ചാനലിന് നൽകിയ പഴയ അഭിമുഖത്തിലെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.
ശ്രേയയുടെ വാക്കുകൾ; ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ ഒന്നുമില്ലാത്ത ഒരാളാണ് ഞാൻ. വെസ്റ്റേൺ മ്യൂസിക്കിൽ ശ്രദ്ധ കൊടുക്കാൻ ഒന്നും താല്പര്യമില്ല. അതല്ല എന്റെ ലക്ഷ്യം. ഈ പ്രൊഫഷൻ തിരഞ്ഞെടുത്തതുകൊണ്ട് കൊണ്ട് എനിക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടില്ല. എന്നാലും കൂട്ടുകാർക്കൊപ്പം കറങ്ങാൻ പറ്റിയിരുന്നില്ല. കോളേജിൽ ചേർന്നെങ്കിലും ക്ലാസുകൾ ഒക്കെ എനിക്ക് മിസ് ആവുമായിരുന്നു. ഒരു സോഷ്യൽ ലൈഫ് ഞാൻ മിസ് ആക്കിയിട്ടുണ്ട്. എന്നിരുന്നാലും ഞാൻ ഈ ജീവിതത്തിൽ സന്തുഷ്ടയാണ്.
സിനിമയിൽ അഭിനയിക്കാൻ ശ്രേയയുടെ ആരാധകർ ആവശ്യപ്പെടുമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനും ശ്രേയ മറുപടി നൽകി. അവർ അങ്ങനെ ചോദിക്കാറുണ്ട്. പക്ഷേ എനിക്ക് അതിനോടൊന്നും തീരേ താല്പര്യമില്ല. ശ്രേയ പറഞ്ഞു.