ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയില്‍

കൊച്ചി: വിലക്കിന് ശേഷം തിരിച്ചെത്തിയ മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയില്‍. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയത്. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ സാധ്യത പട്ടിക. ഇതില്‍ നിന്ന് അന്തിമ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും.

ഏഴ് വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ഐപിഎല്ലില്‍ 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലെന്ന കാരണത്താല്‍ കോടതി കുറ്റമുക്തനാക്കിയ താരത്തിന്റെ വിലക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ നീക്കിയിരുന്നു.

ട്വന്റി ട്വന്റി ക്രിക്കറ്റിലൂടെയാണ് ശ്രീശാന്തിന്റെ മടങ്ങിവരവ് എന്നതും ശ്രദ്ധേയമാണ്. ജനുവരി 2 മുതല്‍ 31 വരെയാണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് നടക്കുക. ശ്രീശാന്തിനെ കൂടാതെ അതിഥി താരങ്ങളായി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരും സാധ്യതപട്ടികയിലുണ്ട്. സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ബേസില്‍ തമ്പി എന്നിവരാണ് മറ്റു പ്രമുഖര്‍.

ടിനു യോഹന്നാന്‍ പരിശീലിപ്പിക്കുന്ന ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 20 മുതല്‍ 30 വരെ ആലപ്പുഴയില്‍ നടക്കുന്ന സിലക്ഷന്‍ ട്രയല്‍സിന് ശേഷമേ അന്തിമ ടീമിനെ പ്രഖ്യാപിക്കൂ. കേരളത്തിന്റെ രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News