KeralaNews

‘കോണ്ടം ഭയക്കുന്ന മലയാളികള്‍’; ആദ്യമായി കോണ്ടം വാങ്ങിയ അനുഭവം പങ്കുവെച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍

കോട്ടയം: തുറന്നെഴുത്തുകളിലൂടെ നിരവധി തവണ സൈബര്‍ അറ്റാക്കിന് ഇരയായ ആക്ടിവിസ്റ്റ് ആണ് ശ്രീലക്ഷ്മി അറയ്ക്കല്‍. സ്ത്രീ സ്വയംഭോഗം, വൈബ്രേറ്റര്‍ ഉപയോഗം തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച് ശ്രീലക്ഷ്മി തുറന്നെഴുതിയിട്ടുണ്ട്. ചാനലിലൂടെ സ്ത്രീകളെ അപമാനിച്ച യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സംഭവമാണ് ശ്രീലക്ഷ്മിയുമായി ബന്ധപ്പെട്ട് അവസാനം ഉടലെടുത്ത വിവാദം.

ഇപ്പോഴിത കോണ്ടം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ആദ്യമായി കോണ്ടം വാങ്ങിക്കുകയും ചെയ്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. കോണ്ടം വെറും ഗര്‍ഭനിരോധന ഉറ മാത്രം അല്ലെന്നും അതിന് നിങ്ങളെ പല രോഗങ്ങള്‍ പടരുന്നത് വഴി സംരക്ഷിക്കാന്‍ പറ്റുമെന്നും തുറന്ന് പറയുകയാണ് ശ്രീലക്ഷ്മി. സെക്‌സ് എന്നാല്‍ പാപമാണെന്നും സെക്‌സ് ചെയ്യുന്നത് മറ്റൊരാള്‍ അറിഞ്ഞാല്‍ നാണക്കേടാണ് എന്നുമുളള ചില വിക്ടോറിയന്‍ സദാചാര ബോധമാണ് ഇന്നും നമ്മളെ പിന്‍തുടരുന്നത്. ആ ബോധമാണ് മെഡിക്കല്‍ ഷോപ്പില്‍ പോകുന്നതില്‍ നിന്ന് നമ്മളേ പിന്നോട്ട് വലിക്കുന്നതെന്നും ശ്രീലക്ഷ്മി പോസ്റ്റില്‍ പറയുന്നു.

ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോണ്ടം ഭയക്കുന്ന മലയാളികള്‍
_________________________________
ഞാനും എന്റെ ബോയ്ഫ്രണ്ടും പരിചയപ്പെട്ട് രണ്ട് വര്‍ഷത്തോളം കഴിഞ്ഞതിന് ശേഷമാണ് നമ്മള്‍ ഇന്‍സേര്‍ഷന്‍ പ്രക്രിയയിലേക്ക് പോയത്.
കാരണം രണ്ടാള്‍ക്കും പേടി ആയിരുന്നു. ഇന്‍സേര്‍ഷന്‍ പ്രക്രിയ പ്ലാന്‍ ചെയ്യുന്നതിന് മുന്നേ ഞങ്ങള്‍ക്കിടയില്‍ നടന്ന കോണ്‍ഫ്‌ലിക്ട് ആര് കോണ്ടം വാങ്ങുമെന്നാണ്.
അങ്ങനെ ‘നീ വാങ്ങ് നീ വാങ്ങ്’ എന്ന് അങ്ങോട്ടുമിങ്ങോട്ടും പറയുന്നതല്ലാതെ മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങാന്‍ രണ്ടാള്‍ക്കും വലിയ നാണമായിരുന്നു.
അപ്പോഴാണ് എന്റെ വേറൊരു കല്ല്യാണം കഴിഞ്ഞ കൂട്ടുകാരന്‍ എന്നോട് ലവന്‍ കോണ്ടം വാങ്ങി എന്ന് പറയുന്നത്.
അവനത് പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി എടുത്തോണ്ട് വന്നതാണ് എന്നും പറഞ്ഞു.
ബാക്കി സാധനങ്ങള്‍ വാങ്ങും കൂടെ കോണ്ടവും പെറുക്കി ഇട്ടാല്‍ മതി പോലും.
അങ്ങനെ രണ്ടും കല്‍പ്പിച്ച് ഞാന്‍ പോത്തീസില്‍ പോയി. ലവനെ വിളിച്ച് ചോദിച്ചു ഏത് സെക്ഷന്റെ അടുത്താണ് കോണ്ടം ഇരിക്കുന്നതെന്ന്.
ലവന്‍ പറഞ്ഞ ദിശയില്‍ പോയി നോക്കിയപ്പോ കുറേ കവറുകള്‍ ഇരിക്കുന്നു. വലുതും ചെറുതുമൊക്കെയായി പല ബ്രാന്റുകള്‍..
കാമസൂത്ര..മൂഡ്‌സ്..പിന്നെ എന്തൊക്കെയോ പേരുകള്‍.
അപ്പുറത്തും ഇപ്പുറത്തും ഒക്കെ ആള്‍ക്കാര്‍ നില്‍ക്കുന്നു. എനിക്ക് ആ സൈഡിലേക്ക് നോക്കാന്‍ തന്നേ പേടി.
ഞാന്‍ കോണ്ടം എടുക്കുമ്പോള്‍ ആരേലും നോക്കൂല്ലേ എന്ന് മടിച്ച് മടിച്ച് നിന്നപ്പോള്‍ ഒരു മുപ്പത് വയസ്സുളള ചേട്ടന്‍ വന്ന് കോണ്ടം പാക്കറ്റ് കൈയ്യിലെടുത്ത് നോക്കാന്‍ തുടങ്ങി.
എന്റെ ഹൃദയം ടിക് ടിക് എന്നടിച്ചു.
പിന്നെ രണ്ടും കല്‍പ്പിച്ച് ഞാനും ഒരു കുഞ്ഞി പാക്കറ്റ് എടുത്ത് നോക്കി.
ഹൊ! 30 രൂപയും 120 രൂപയും.
എനിക്കിതിന്റെ ആവിശ്യമില്ലല്ലോ എന്ന് കരുതി വലിയ പാക്ക് അവിടെ വെച്ച് 30 രൂപേടെ കോണ്ടം (packet of 3) എടുത്ത് ബാസ്‌കറ്റില്‍ ഇട്ടു. വേറേ എന്തൊക്കെയോ വാങ്ങാനായി വാങ്ങി.കാരണം കോണ്ടം മാത്രം വാങ്ങാനാണ് വന്നത് എന്ന് ആരും അറിയരുതല്ലോ.
ബില്ലിങ്ങ് സെക്ഷനില്‍ ബില്ലടിക്കാനായി അവര്‍ കോണ്ടം കൈയ്യിലെടുത്തപ്പോ പിന്നേം ഹൃദയം ടിക് ടിക് എന്ന് അടിക്കുന്നു. ആരേലും കാണുവോ എന്ന നാണക്കേട്. ‘ഹൊ! എത്ര ലജ്ജാവഹം ‘ എന്നുപറഞ്ഞപോലെയായി!
ഏതായാലും ആ 3 കോണ്ടം തീര്‍ന്ന വഴിയേ അറിഞ്ഞില്ല.
പിന്നേയും രണ്ട് മാസം കഴിഞ്ഞ് ഇതേ അവസ്ഥ. അവസാനം എന്റെ കൂട്ടുകാരന്‍ പോത്തീസില്‍ പോയി സാധനങ്ങള്‍ മേടിക്കുമ്പോള്‍ അവന്‍ ഒരു പാക്കറ്റ് എടുത്ത കൂട്ടത്തില്‍ എനിക്കും മേടിച്ചു തന്നു.
അതും തീര്‍ന്ന് ഇങ്ങനെ സാഡ് ആയിരിക്കുമ്പോഴാണ് ഒരു അപാരധൈര്യമുളള പെണ്‍സുഹൃത്ത് എനിക്ക് 120 രൂപയുടെ കോണ്ടം പാക്കറ്റ് മേടിച്ച് തന്നത്. അതില്‍ 12 എണ്ണമുളളതുകൊണ്ട് സുഖമായിരുന്നു. കൊറോണവന്ന് ബോയ്ഫ്രണ്ടിനെ വല്ലപ്പോഴും കണ്ടതിനാല്‍ മാത്രം ആ പാക്കറ്റ് ഒരു കൊല്ലം ഉപയോഗിക്കാന്‍ പറ്റി.
ഇതിനിടക്ക് ഞാനും ആദ്യം കോണ്ടം മേടിച്ചുതന്ന കൂട്ടുകാരനും ചില സാങ്കേതിക കാരണങ്ങളാല്‍ അടിച്ചു പിരിഞ്ഞു. ഇനി കോണ്ടം എങ്ങനെ മേടിക്കും? ആരോട് പോയി പറയും.
വീണ്ടും ടെന്‍ഷനായി !
അങ്ങനെയിരിക്കെയാണ് വേറൊരു കൂട്ടുകാരന്‍ കാണാന്‍ വന്നത്. അവനോട് എടാ നീ എനിക്കൊരു പാക്കറ്റ് കോണ്ടം മേടിച്ച് തരണം എന്ന് പറഞ്ഞു.
അപ്പോ അവന്‍ സമ്മതിച്ചു.
30 രൂപേടേ പോരേ എന്ന്.
ഞാന്‍ പറഞ്ഞു ‘വലുത് മേടിച്ചോ..എപ്പോളും എപ്പോഴും ഇതൊന്നും വാങ്ങാന്‍ എനിക്ക് ആള്‍ക്കാരെ തപ്പാന്‍ വയ്യ’ എന്ന്.
ഓകെ പറഞ്ഞെങ്കിലും അവനും വാങ്ങാന്‍ മടി.

ഒടുവില്‍ അവന്‍ അവന്റെ വേറേ ഒരു കൂട്ടുകാരനേ (again married) വിട്ട് മേടിപ്പിച്ച് എനിക്ക് തന്നു.
ആ കോണ്ടം പാക്കറ്റാണ് ഇപ്പോ എന്റെ കൈയ്യിലിരിക്കുന്ന ഈ പാക്കറ്റ്!
ഇത്രേം ഒക്കെ വിശദമായി എഴുതിയത് ചുമ്മാ കോണ്ടം കണക്ക് പറയാന്‍ മാത്രമല്ല.
ഇത് വായിക്കുമ്പോള്‍ പലര്‍ക്കും അവരുമായി റിലേറ്റ് ചെയ്യാന്‍ പറ്റും എന്നെനിക്ക് അറിയാം.
എന്നേപോലേയും എന്റെ ബോയ്ഫ്രണ്ടിനേപോലെയും എന്റെ മറ്റു ഫ്രണ്ടിനേപ്പോലേയും മെഡിക്കല്‍ ഷോപ്പില്‍ പോയി കോണ്ടം ചോദിച്ച് മേടിക്കാന്‍ പലര്‍ക്കും മടിയാണ്. പ്രത്യേകിച്ച് ബാച്ചിലേഴ്‌സിന്.
എന്നാല്‍ കൂട്ടമായി ഗിഫ്റ്റ് കോടുക്കാന്‍ വാങ്ങാന്‍ ഇതൊരു പ്രശ്‌നമേ അല്ല. ആണ്‍കുട്ടികള്‍ കൂട്ടംകൂടി മെഡിക്കല്‍ ഷോപ്പില്‍ പോയി മേടിക്കും. പക്ഷേ ഒറ്റക്ക് പോയി വാങ്ങാന്‍ പലര്‍ക്കും നാണക്കേടാണ്.
ഡിഗ്രീ ഫസ്റ്റ് ഇയര്‍ പഠിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ബര്‍ത്ത്‌ഡേക്ക് കോണ്ടം സമ്മാനമായി കൊടുക്കുന്നതും അവിടുന്ന്തന്നെ കവര്‍ പൊട്ടിച്ച് എല്ലാവരും കൈമാറി നോക്കുന്നത് കണ്ട് അത്ഭുതപ്പെട്ടൊന്നും ഇല്ല, കാരണം ഇതേ ആള്‍ക്കാര്‍ എത്രപേര്‍ ഒറ്റക്ക് പോയി കോണ്ടം വാങ്ങാന്‍ ധൈര്യപ്പെടും എന്ന് എനിക്കറിയില്ല!
ശരിക്കും എന്തിനാണ് കോണ്ടം വാങ്ങാന്‍ മെഡി.ഷോപ്പില്‍ പോകുമ്പോള്‍ പേടിക്കുന്നത് / ചമ്മല്‍ വരുന്നത്?
കോണ്ടം വെറും ഗര്‍ഭനിരോധന ഉറ മാത്രം അല്ല. അതിന് നിങ്ങളെ പല രോഗങ്ങള്‍ പടരുന്നത് വഴി സംരക്ഷിക്കാന്‍ പറ്റും. സെക്‌സ് എന്നാല്‍ പാപമാണെന്നും സെക്‌സ് ചെയ്യുന്നത് മറ്റൊരാള്‍ അറിഞ്ഞാല്‍ നാണക്കേടാണ് എന്നുമുളള ചില വിക്ടോറിയന്‍ സദാചാര ബോധമാണ് ഇന്നും നമ്മളെ പിന്‍തുടരുന്നത്. ആ ബോധമാണ് മെഡി.ഷോപ്പില്‍ പോകുന്നതില്‍ നിന്ന് നമ്മളേ പിന്നോട്ട് വലിക്കുന്നത്.

പ്ലസ് വണ്‍ കെമിസ്ട്രീ ക്ലാസ്സില്‍ ആദ്യമായ് ക്വാണ്ടം ഓഫ് എനര്‍ജി എന്ന് കേള്‍ക്കുമ്പോള്‍ കോണ്ടത്തേയാണ് പലര്‍ക്കും ഓര്‍മ വരിക.
അപ്പോ കുട്ടികളുടെ മുഖത്തൊക്കെ ഒരു കളളച്ചിരി കാണാം.
ഫീമെയില്‍ കോണ്ടം ഉണ്ടെങ്കിലും അതിനു പ്രചാരണവും ഉപയോഗവും കുറവാണ്. കാരണം എന്താണെന്ന് അറിയില്ല.പക്ഷേ ഞാന്‍ പോത്തീസില്‍ കണ്ടിട്ടുണ്ട്.
എക്‌സ്ട്രാ സേഫ് ആകാന്‍ വേണ്ടി രണ്ട് കോണ്ടം ഇടണോ എന്ന് ചിലര്‍ എന്നേ വിളിച്ച് ചോദിക്കാറുണ്ട്. ഫ്രിക്ഷന്‍ കൂടി കോണ്ടം പൊട്ടാനല്ലാതെ ഒരു സേഫ്റ്റിയും അത് നല്‍കില്ല.
ഇത്രയോക്കെ പറഞ്ഞത് നമ്മുടെ സംസ്‌കാരത്തിന് അനുയോജ്യമല്ലാ എന്ന് നിങ്ങള്‍ കരുതാന്‍ പോകുന്ന ഒരു കാര്യം പറയാന്‍ വേണ്ടിയാണ്. അതിനായി മുപ്പതോ നാല്‍പ്പതോ ഉദാഹരണങ്ങള്‍ എനിക്ക് നല്‍കാന്‍ പറ്റും.
എനിക്ക് ഇതുപോലെ ഒരുപാട് ഫോണ്‍കോള്‍ വരാറുണ്ട്.
1. അബോര്‍ഷന്‍ എവിടെ ചെയ്യും?
2.അബോര്‍ഷന് എത്ര കാശ് ആകും?
3. ഐപില്‍ എത്ര മണിക്കൂറിനുള്ളില്‍ കഴിക്കണം.
4. കല്ല്യാണം കഴിച്ചിട്ട് ഒന്ന് ആസ്വദിക്കുന്നതിന് മുന്‍പേ അറിയാതെ ഗര്‍ഭിണി ആയി; ഇനി എന്ത് ചെയ്യും?
Etc etc etc….
സംഭവം പലരും ഓര്‍ക്കാത്ത സമയത്ത് ബന്ധപ്പെടുന്നതുകൊണ്ടാണ്.
സമയവും സാഹചര്യവും ഒത്തുവന്നാല്‍ പല കപ്പിള്‍സും കപ്പിള്‍സ് അല്ലാത്തവരും ഒക്കെ ബന്ധപ്പെടാറുണ്ട്. ഉമ്മയില്‍ തുടങ്ങി കണ്‍ട്രോള് പോകുന്ന സമയത്തേ വികാരവിസ്‌ഭോടനത്തില്‍ ആള്‍ക്കാര്‍ ഇന്‍സേര്‍ഷന്‍ ചെയ്യും. എന്നിട്ട് വിത്ത്‌ട്രോവല്‍ മാര്‍ഗ്ഗം ഉപയോഗിക്കും.
വിത്ത്‌ട്രോവല്‍ മാര്‍ഗ്ഗം ഒട്ടും സേഫല്ല എന്ന് എല്ലാവര്‍ക്കും അറിയാം ; എന്നിരുന്നാലും മറ്റുവഴിയില്ലാത്തതിനാല്‍ ഇതു പ്രയോഗിക്കുന്നു.
പിന്നെ ഇതിന്റെ പേരില്‍ ഗര്‍ഭിണി ആകുമോ ഇല്ലയോ എന്ന് കരുതി ടെന്‍ഷന്‍ അടിച്ച് നടക്കുന്നു.
അടുത്ത പിരീഡ്‌സ് ആകുന്നത് വരേ ഇവരിങ്ങനെ പ്രാന്ത് പിടിച്ച് നടക്കും.
ചിലരൊക്കെ വിളിച്ച് ‘ചേച്ചീ..പറ്റിപ്പോയി..ഓര്‍ത്തില്ല, പപ്പായ കഴിച്ചാല്‍ മതിയോ ചേച്ചീ’ എന്നൊക്കെ ടെന്‍ഷനടിച്ച് ചോദിക്കും.
ഇതൊക്കെ ഒഴിവാക്കാനായി നിങ്ങള്‍ക്ക് ഒരു ടെക്‌നിക് പറഞ്ഞു തരാം.
ദയവ് ചെയ്ത് ബന്ധപ്പെടാന്‍ ചാന്‍സ് ഉണ്ട് എന്ന് തോന്നുന്ന ദിവസങ്ങളില്‍ കോണ്ടം കയ്യില്‍ കരുതുക. ഇനി അവസരങ്ങള്‍ കൂടുതല്‍ വരുന്നവര്‍ എപ്പോഴും കോണ്ടം കൈയ്യില്‍ കരുതുക.
എന്റെ ഒരു കൂട്ടുകാരന്റെ കാറില്‍ വേറേ എന്ത് ഇല്ലെങ്കിലും ഒരു പാക്കറ്റ് കോണ്ടം അവന്‍ വാങ്ങി വെച്ചിരിക്കും; for safety.

എന്തായാലും ആണുങ്ങളായാലും പെണ്ണുങ്ങളായാലും ട്രാന്‍സ്‌ജെന്‍ഡര്‍ ആയാലും ; ആങ്ങനെ ഏതൊരു വ്യക്തി ആയാലും പേഴ്‌സില്‍ ചുമ്മാ ഒരു കോണ്ടം മേടിച്ച് സൂക്ഷിച്ച് വെച്ചോണ്ട് നടന്നാല്‍ ആവശ്യഘട്ടത്തില്‍ ഉപകരിക്കുകയും ചെയ്യും ; ഒരുപാട് ടെന്‍ഷനും ഒഴിവാക്കാം.
അതിനാല്‍ തന്നെ ഞാനും എന്റെ പേഴ്‌സില്‍ ഒരു കോണ്ടം എടുത്ത് വെയ്ക്കാന്‍ തീരുമാനിച്ചു.
എത്ര പ്രലോഭനം വന്നാലും ഞാന്‍ കോണ്ടം ഇല്ലാതെ മൈ ബോയ്ഫ്രണ്ടൂനേ അടുപ്പിക്കാറില്ല, ലവനും പേടിയാണ് താനും. അതുകൊണ്ട് തന്നെ ഒന്നെങ്കില്‍ പ്രലോഭനങ്ങളില്‍ വീഴാതെ നോക്കുക, പ്രലോഭനങ്ങളില്‍ വീഴുന്നവര്‍ ഞാന്‍ പറഞ്ഞ സൂത്രങ്ങള്‍ പരീക്ഷിക്കുക.

എന്നാലും മെഡിക്കല്‍ ഷോപ്പില്‍ പോയി കോണ്ടം വാങ്ങാനുളള ഞങ്ങളുടെ മടിയും ചമ്മലും എന്ന് മാറുമോ എന്തോ..??
എല്ലാ സൂപ്പര്‍മാര്‍ക്കറ്റിലും കോണ്ടം എടുത്ത് വില്‍പ്പനക്ക് വെച്ചാല്‍ ഓട്ടോമാറ്റിക്കലി കുറച്ച് ആളുകളെങ്കിലും അവിടെ കൂടുതല്‍ കയറും ; especially മെഡി.ഷോപ്പില്‍ പോകാന്‍ മടിയുളള ബാച്ചിലേഴ്‌സ് ലൈക്ക് us.
കുഴപ്പമില്ല…സോപ്പിട്ട് , മാസ്‌കിട്ട് , സാമൂഹിക അകലം പാലിച്ച് ധൈര്യം സംഭരിച്ച് മെഡി. ഷോപ്പില്‍ പോയി അടുത്ത തവണ വാങ്ങി നോക്കാം .
മറക്കരുത്; കോണ്ടം നല്ലതിന്!
© Sreelakshmi Arackal

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker