NationalNews

പാക്കിസ്ഥാനായി ചാരവൃത്തി; ബ്രഹ്‌മോസിലെ മുൻ എൻജിനീയർക്ക് ജീവപര്യന്തം തടവ്

നാഗ്പുര്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്കായി ചാരവൃത്തി നടത്തിയെന്ന കേസില്‍ ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്. ബ്രഹ്‌മോസ് എയറോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡില്‍ സീനിയര്‍ എന്‍ജിനീയറായിരുന്ന നിശാന്ത് അഗര്‍വാളിനെയാണ് നാഗ്പുര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

ജീവപര്യന്തം തടവിനൊപ്പം 14 വര്‍ഷത്തെ കഠിനതടവും മൂവായിരം രൂപ പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.

ബ്രഹ്‌മോസ് മിസൈലിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്ക് ചോര്‍ത്തിനല്‍കിയതിന് 2018-ലാണ് നിശാന്ത് അറസ്റ്റിലായത്. ബ്രഹ്‌മോസിലെ മിസൈല്‍ സെന്ററില്‍ സാങ്കേതിക ഗവേഷണ വിഭാഗത്തിലാണ് ഇയാള്‍ ജോലിചെയ്തിരുന്നത്. ഇക്കാലയളവിലാണ് മിസൈലുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഐ.എസ്.ഐ.യ്ക്ക് ചോര്‍ത്തിനല്‍കിയത്.

മിലിട്ടറി ഇന്റലിജന്‍സും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഭീകരവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് നിശാന്തിനെ പിടികൂടിയത്. തുടര്‍ന്ന് ഔദ്യോഗിക രഹസ്യനിയമത്തിലെ വിവിധ വകുപ്പകളടക്കം ചുമത്തി ഇയാള്‍ക്കെതിരേ കേസെടുക്കുകയും ജയിലിലടക്കുകയുമായിരുന്നു. വിചാരണ തടവുകാരനായി കഴിയുന്നതിനിടെ കഴിഞ്ഞ ഏപ്രിലില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നാഗ്പുര്‍ കോടതി വിധി പ്രസ്താവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button