NationalNews

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം, ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

അഹമ്മദാബാദ്: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനത്തിന് സഹായിച്ചതിന് 53 കാരനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ വംശജനായ ഇയാൾ 10 വർഷം മുമ്പ് ഇന്ത്യൻ പൗരത്വം നേടിയ വ്യക്തിയാണെന്ന് അധികൃതർ അറിയിച്ചു. മിലിട്ടറി ഇന്റലിജൻസ് ഏജൻസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനന്ദിലെ താരാപൂർ സ്വദേശിയായ ലാഭ് ശങ്കർ മഹേശ്വരിയെയാണ് എടിഎസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

ഇന്ത്യയിലെ സിം കാർഡ് ഉപയോ​ഗിച്ച് പാകിസ്ഥാനിലിരുന്ന് ഇന്ത്യയിലെ മിലിട്ടറി ഉദ്യോ​ഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും വാട്സ് ആപ് വിവരങ്ങൾ ചോർത്താനാണ് ഇയാൾ സഹായിച്ചത്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി‌യാണ് ഇയാൾ പ്രവർത്തിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 123, 121-എ, 120 ബി എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പാകിസ്ഥാൻ ആർമിയിലെയോ രഹസ്യാന്വേഷണ ഏജൻസിയിലെയോ ഒരാൾ ഇന്ത്യൻ സിം കാർഡുള്ള വാട്ട്‌സ്ആപ്പ് നമ്പർ ഉപയോഗിക്കുന്നതായി മിലിട്ടറി ഇന്റലിജൻസിൽ നിന്ന് എടിഎസിന് വിവരം ലഭിച്ചു. കാർഗിലിലെ സൈനികന്റെയും ഹരിയാനയിലെ പഞ്ച്കുളയിലുള്ള ആർമി പബ്ലിക് സ്‌കൂളിലെ റിസപ്ഷനിസ്റ്റിന്റെയും ഫോണുകൾ ചോർത്തിയതായി കണ്ടെത്തി.

റാറ്റ് (RAT) മാൽവെയർ ഉപയോഗിച്ചാണ് അവരുടെ ഫോണുകളിലെ വിവരം ചോർത്തിയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഹർ ഘർ തിരംഗ എന്ന പേരിൽ ഫയലുകളും പരീക്ഷയുമായി ബന്ധപ്പെട്ട ഫയലുകളും ആൻഡ്രോയിഡ് പാക്കേജ് (എപികെ) ഉപയോഗിച്ച് അയച്ചെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ജാംനഗർ നിവാസിയായ മുഹമ്മദ് സഖ്ലെയിൻ തെയിമിന്റെ പേരിലാണ് സിം കാർഡ് നൽകിയത്. അസ്ഗർ ഹാജിഭായ് മോദി എന്നയാളുടെ മൊബൈലിൽ സിം ആക്ടീവാക്കിയ ശേഷം പാകിസ്ഥാൻ എംബസിയുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുടെ നിർദ്ദേശപ്രകാരം ലഭ്‌ശങ്കർ ദുര്യോധനൻ മഹേശ്വരിക്ക് കൈമാറുകയായിരുന്നു. 

മഹേശ്വരി 1999-ലാണ് ഭാര്യയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയത്. ആനന്ദിലെ താരാപൂരിൽ സ്ഥിരതാമസമാക്കി. 2005-ൽ ഇന്ത്യൻ പൗരത്വം നേടി. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും പാക്കിസ്ഥാനിലാണ് താമസിക്കുന്നതെന്ന് എടിഎസ് പറഞ്ഞു. 2022ൽ തന്റെ കുടുംബത്തെ കാണാൻ പാകിസ്ഥാൻ വിസയ്ക്ക് അപേക്ഷിച്ചിരുന്നു. തുടർന്ന് പാകിസ്ഥാനിൽ താമസിക്കുന്ന മഹേശ്വരിയുടെ ബന്ധുവായ കിഷോർ, വിസ നടപടികൾ വേഗത്തിലാക്കാൻ പാകിസ്ഥാൻ എംബസിയിൽ ജോലി ചെയ്യുന്ന വ്യക്തിയെ പരിചയപ്പെടുത്തി. വിസ അനുവദിക്കുകയും മഹേശ്വരിയും ഭാര്യയും പാകിസ്ഥാൻ സന്ദർശിക്കുകയും ചെയ്തു. 

പാകിസ്ഥാൻ എംബസിയിൽ ജോലി ചെയ്യുന്നയാൾ തന്റെ ഫോണിൽ വാട്ട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം സിം കാർഡ് പാകിസ്ഥാനിലേക്ക് അയയ്ക്കാൻ മഹേശ്വരിയെ ചുമതലപ്പെടുത്തി. പിന്നീട്, മഹേശ്വരി തന്റെ സഹോദരിക്കും മരുമകൾക്കും വിസ ലഭിക്കുന്നതിന് ഇതേ വ്യക്തിയെ ബന്ധപ്പെട്ടു.

പകരമായി സിം കാർഡ് നൽകുകയും വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനായി എംബസി ഉദ്യോഗസ്ഥനുമായി ഒടിപി ഷെയർ ചെയ്യുകയും ചെയ്തു. മഹേശ്വരിയുടെ സഹോദരി പാകിസ്ഥാനിലുള്ള ബന്ധുവായ കിഷോറിന് സിം കാർഡ് നൽകി. കിഷോർ ഒരു പാക്കിസ്ഥാൻ ഏജന്റിന് കാർഡ് കൈമാറി. വാട്‌സ്ആപ്പ് നമ്പർ പാകിസ്ഥാനിൽ ഇപ്പോഴും സജീവമാണെന്ന് എസ്പി ജാട്ട് പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button