NationalNews

സ്പുട്‌നിക് വാക്‌സിന് രാജ്യത്ത് വില നിശ്ചയിച്ചു; ഡോസിന് 995.40 രൂപ

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത സ്പുട്നിക് 5 വാക്സിന് ഇന്ത്യയിലെ വില നിശ്ചയിച്ചു. 995.40 രൂപയാണ് ഡോസിന് ഈടാക്കുക. ഇറക്കുമതി ചെയ്യുന്ന വാക്സിന്‍ ഡോസുകള്‍ക്ക് എന്നാല്‍ 5 ശതമാനം ജിഎസ്ടി കൂടെ ചേര്‍ത്താകും വില ഈടാക്കുക.

ഡോ.റെഡ്ഡീസ് ലബോറട്ടറീസാണ് ഇന്ത്യയില്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നത്. 91.6 ആണ് സ്പുട്നിക് വാക്സിന്റെ ഫലപ്രാപ്തി. രാജ്യത്ത് കേന്ദ്ര അംഗീകാരം ലഭിക്കുന്ന മൂന്നാമത് വാക്സിനാണിത്. ഓക്സ്ഫോര്‍ഡ്- ആസ്ട്രസെനെക്കയുടെ കൊവിഷീല്‍ഡ്, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവാക്സിന്‍ എന്നിവയാണ് ആദ്യം അംഗീകാരം നേടിയവ.

സ്പുട്നിക്കിന്റെ ആദ്യ ഡോസ് ഇന്ന് നിയന്ത്രിത രീതിയില്‍ പുറത്തിറക്കിയതായി ഡോ.റെഡ്ഡീസ് അറിയിച്ചു. അടുത്തയാഴ്ച മുതല്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. നിലവില്‍ പല സംസ്ഥാനങ്ങളിലും വാക്സിന്‍ ക്ഷാമമുണ്ട്.

റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിന്‍ ഡോസുകള്‍ ഇന്ത്യയിലെത്തിയത് മേയ് ഒന്നിനാണ്. വാക്സിന് ഇന്ത്യയില്‍ അനുമതി ലഭിച്ചത് ഏപ്രില്‍ 13നാണ്. വരും മാസങ്ങളില്‍ ഇറക്കുമതി ചെയ്ത കൂടുതല്‍ ഡോസുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ.റെഡ്ഡീസ് അറിയിച്ചു.

ഫൈസര്‍, മോഡേണ വാക്സിനുകള്‍ക്ക് ശേഷം ലോകത്ത് ഏറ്റവുമധികം ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്സിനാണ് സ്പുട്നിക്. ഇവയും രണ്ടു ഡോസുകളാണ് എടുക്കേണ്ടത്. ലോകത്താകെ 20 ലക്ഷം പേരില്‍ ഇതിനകം വാക്സിന്‍ കുത്തിവച്ചിട്ടുണ്ട്. ഒരു ഡോസിന് പത്ത് ഡോളറില്‍ താഴെയാണ് മറ്റ് രാജ്യങ്ങളില്‍ വില. ദ്രവ രൂപത്തിലും പൊടിയായും വാക്സിന്‍ ലഭിക്കും. ദ്രവ രൂപത്തില്‍ -18 ഡിഗ്രിയിലും പൊടിയായി 2 മുതല്‍ 8 ഡിഗ്രിവരെ താപനിലയിലുമാണ് സൂക്ഷിക്കേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button