കൊച്ചി: കൊവിഡ് 19 രോഗികളുടെ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സ്പ്രിംക്ലര്‍ കമ്പനിയുടെ സേവനം വിനിയോഗിയ്ക്കുന്നതില്‍ ഹൈക്കോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കി സംസ്ഥാന സര്‍ക്കാര്‍.വിവരങ്ങള്‍ ചോരാതിരിയ്ക്കുന്നതിനും പൗരന്‍മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിയ്ക്കുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ താഴെപ്പറയുന്നതാണ്.
1. സംസ്ഥാനത്ത് 80ലക്ഷം പേര്‍ക്ക് കൊവിഡ് രോഗബാധയുണ്ടാകുമെന്ന് അന്താരാഷ്ട്ര ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ട്
2. ഓണ്‍ലൈന്‍ വഴി പൊതുവിതരണ സംവിധാനത്തിലെ വിവരങ്ങള്‍ ശേഖരിക്കുമെന്ന ആക്ഷേപം തെറ്റ്
3. ഉചിതമായ നടപടി അതിവേഗം സ്വീകരിക്കുന്നതിന് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കഴിയും.
4. പഠന റിപ്പോര്‍ട്ടിന് അനുസൃതമായി രോഗവ്യാപനമുണ്ടായാല്‍ ഓരോരുത്തരുടെയും അടുത്തെത്തി വിവരശേഖരണം അസാധ്യം
5. ഓണ്‍ലൈന്‍ വിവര ശേഖരണത്തിലൂടെ ഡേറ്റ അനലിറ്റിക്സ് വഴി പ്രാദേശികമായിത്തന്നെ നേരിടാന്‍ നടപടി സ്വീകരിക്കാനാവും
6. ആദ്യ വിവരങ്ങള്‍ സ്പ്രിംക്ലര്‍ ഡൊമൈനില്‍ നല്‍കിയത് പ്രാഥമിക പരീക്ഷണാര്‍ത്ഥം
7. ഇത് പിന്നാലെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ഡൊമൈനിലേക്ക് മാറ്റി
8. എന്‍ക്രിപ്റ്റഡ് ആയി വിവരങ്ങള്‍ സൂക്ഷിക്കുന്നത് വിദേശത്തല്ല; മുംബൈയിലെ ആമസോണ്‍ ക്ലൗഡ് സെര്‍വറില്‍
9. സി ഡിറ്റിന് ആമസോണ്‍ അക്കൗണ്ടുണ്ട്; എന്നാല്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ മതിയായ സ്ഥലമുണ്ടായിരുന്നില്ല
10. വിവരങ്ങള്‍ സൂക്ഷിക്കാന്‍ സി ഡിറ്റിന്റെ അക്കൗണ്ട് അപഗ്രേഡ് ചെയ്തു; വിവര ശേഖരണം ഇതില്‍
11. ശേഖരിച്ച ഡേറ്റയിലും അതിന്റെ അപഗ്രഥനത്തിലും സര്‍ക്കാരിന് പൂര്‍ണ്ണ ഉടമസ്ഥാവകാശം
12. ഡേറ്റ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ ചുരുങ്ങിയ സമയത്ത് സൗകര്യമൊരുക്കുക എന്നത് പ്രാവര്‍ത്തികമല്ല
13. ഇതിന് തക്ക സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ ഇല്ല
14. ബിഗ് ഡേറ്റ അനാലിസിസിന് സര്‍ക്കാര്‍ മേഖലയില്‍ സൗകര്യം അപര്യാപ്തം
15. സ്പ്രിംക്ലറിന്റെ സേവനം പൂര്‍ണ്ണമായും അവശ്യവും അനിവാര്യവും
16. സേവന കാലാവധിക്ക് ശേഷം സ്പ്രിംക്ലറുമായി ധാരണ തുടരാന്‍ സര്‍ക്കാരിന് ബാധ്യതയില്ല
17. സേവനം തുടരണമോ വേണ്ടയോ എന്ന് സര്‍ക്കാരിന് തീരുമാനിക്കാം
18. സര്‍ക്കാരിന് സാമ്പത്തിക ചെലവില്ല; ഡേറ്റ വിശകലനം പൊതുതാല്‍പര്യത്തിന് വേണ്ടി
19. ഉപാധികളും വ്യവസ്ഥകളും നോണ്‍ ഡിസ്‌ക്ലോഷര്‍ കരാറും അനുസരിച്ച് പൗരന്റെ സ്വകാര്യതയും ഡേറ്റയും സുരക്ഷിതം
20. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്പ്രിംക്ലറിന് വിവരങ്ങള്‍ ശേഖരിക്കാനാവില്ല
21. മതിയായ സുരക്ഷിതത്വം സര്‍ക്കാര്‍ കരാറിലൂടെ ഉറപ്പുവരുത്തിയിട്ടുണ്ട്
22. വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നത് അടിസ്ഥാനമില്ലാത്ത ആശങ്ക
23. ഡേറ്റ സുരക്ഷിതത്വത്തിന് കേന്ദ്ര സര്‍ക്കാരുമായുള്ള നോണ്‍ ഡിസ്‌ക്ലോഷര്‍ കരാര്‍ ബാധകം
24. എസ്എഎഎസ് രീതിയിലുള്ള വിവര സംയോജനം സംസ്ഥാനത്തിന് അനിവാര്യം
25. ലോകാരോഗ്യ സംഘടനയുടെ കൊവിഡ് 19 ഡാഷ് ബോര്‍ഡ് സൗജന്യമായി വികസിപ്പിച്ച് നല്‍കിയതും സ്പ്രിംക്ലര്‍
26. രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യം തുടരുന്നു
27. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്നതില്‍ ആശങ്ക
28. സംസ്ഥാനത്ത് അടുത്ത ഘട്ടത്തില്‍ കൊവിഡ് ഔട്ട് ബ്രേക്കിന് സാധ്യത
29. ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് രോഗികളുടെ എണ്ണം അതിവേഗം ഉയരും
30. കൊവിഡിനൊപ്പം മഴക്കാലത്ത് ഇതര രോഗങ്ങളും വ്യാപിക്കും; ഇത് നേരിടാന്‍ ബുദ്ധിമുട്ടാകും
31. ന്യൂയോര്‍ക് കോടതിയെ സമീപിക്കുന്നത് സ്പ്രിംക്ലറിന്റെ കരാര്‍ നിര്‍ദ്ദേശങ്ങളുടെ പൊതുവായ ഭാഗം
32. കരാര്‍ സ്പ്രിംക്ലര്‍ ലംഘിച്ചാല്‍ ഐടി നിയമം അനുസരിച്ച് ഇന്ത്യയില്‍ നിയമ നടപടി നേരിടേണ്ടിവരും
33. സ്പ്രിംക്ലറിന്റെ പൊതു മാനദണ്ഡം അനുസരിച്ചല്ല സര്‍ക്കാരുമായുള്ള കരാര്‍
34. ഹര്‍ജിക്കാരന്‍ തെറ്റായി വ്യാഖ്യാനിച്ചത് സ്പ്രിംക്ലറിന്റെ പൊതു മാനദണ്ഡം
35. ഉദ്യോഗസ്ഥ തലത്തിലുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ നിയമ വകുപ്പിനെ മറികടന്നല്ല
36. 15,000 രൂപയില്‍ താഴെയുള്ള പര്‍ച്ചേസ് ഓര്‍ഡറിന് നിയമവകുപ്പിന്റെ അനുമതി ആവശ്യമില്ല
37. സേവനം സൗജന്യമായതിനാല്‍ നിയമവകുപ്പിന്റെ അനുമതി ആവശ്യമില്ല
38. സ്പ്രിംക്ലറുമായുള്ള പര്‍ച്ചേസ് ഓര്‍ഡറിന് റൂള്‍സ് ഓഫ് ബിസിനസ് ബാധകമല്ല
39. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യത പരിപൂര്‍ണ്ണമല്ല
40. സ്വകാര്യതയ്ക്ക് നിയന്ത്രണങ്ങളും പരിധിയും ബാധകം
41. സ്വകാര്യതയ്ക്കുള്ള അവകാശം പൊതുതാല്‍പര്യത്തിന് വിധേയം
42. ദുരന്ത നിവാരണ നിയമം അനുസരിച്ച് സര്‍ക്കാരിന് നടപടി സ്വീകരിക്കാം
43. സ്പ്രിംക്ലറുമായുള്ള കരാര്‍ വിദഗ്ധ സംഘം കൂട്ടായി എടുത്ത തീരുമാനം അനുസരിച്ച്
44. സര്‍ക്കാരിന്റെ നയപരമായ തീരുമാനം പൊതുതാല്‍പര്യവും പൊതുജനാരോഗ്യവും മുന്‍നിര്‍ത്തി
45. ഹര്‍ജിക്കാരന്റെയോ മറ്റാരുടെയെങ്കിലുമോ സ്വകാര്യതയെ തീരുമാനം ബാധിക്കില്ല
46. മതിയായ വിവരശേഖരണമില്ലാതെ കൊവിഡിനെതിരെ പൊരുതാനാവില്ല
47. കൃത്യമായ രൂപരേഖയ്ക്ക് വിവരശേഖരണം അനിവാര്യം
48. വിവരശേഖരണം സ്വകാര്യതയുടെ ലംഘനമായി വ്യാഖ്യാനിക്കാനാവില്ല
49. സ്വകാര്യത കേസിലെ സുപ്രിംകോടതി വിധി വിവരശേഖരണത്തിന് അനുകൂലം
50. ആരോഗ്യ അടിയന്തരാവസ്ഥ സമയത്ത് സ്വകാര്യത അവകാശം നിലനില്‍ക്കുന്നതല്ല
51. വിവര ശേഖരണത്തിന് 2020ലെ ഓര്‍ഡിനന്‍സ് അനുസരിച്ച് നിയമ പ്രാബല്യമുണ്ട്.
തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിനാണ് ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വി. മനു 39 പേജുള്ള വിശദമായ മറുപടി സത്യവാങ്മൂലം നല്‍കിയത്. ഹര്‍ജി നാളെ ഹൈക്കോടതി ഡിവിന്‍ ബഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, ടി. ആര്‍. രവി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴിയാണ് ഡിവിഷന്‍ ബഞ്ച് വാദം കേള്‍ക്കുന്നത്.