എറണാകുളവും പാലക്കാടും കുതിപ്പ് തുടങ്ങി, സ്കൂൾ കായികോത്സവത്തിന് കണ്ണൂരിൽ തുടക്കം

കണ്ണൂർ:63 -ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്കണ്ണൂരില്‍ തുടക്കമായി. മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ രാവിലെ ഏഴിന് ആദ്യ മല്‍സരം നടന്നു. ട്രാക്ക് ഉണര്‍ത്തിയ അണ്ടര്‍ 19 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തില്‍ മേളയിലെ ആദ്യ സ്വര്‍ണ്ണം എറണാകുളം, കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അമിത് എന്‍ വി സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ ചാന്ദിനി സി സ്വര്‍ണം നേടി.

രാവിലെ ഒന്‍പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു പതാക ഉയര്‍ത്തും. വൈകീട്ട് 3.30-ന് മന്ത്രി ഇ പി. ജയരാജന്‍ കായികോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സി രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഒളിമ്പ്യന്‍മാരായ പി ടി. ഉഷ, എം ഡി. വത്സമ്മ, ബോബി അലോഷ്യസ്, ടിന്‍റു ലൂക്ക, ജിസ്‌ന മാത്യു എന്നിവരെയും വി കെ. വിസ്മയയെയും ചടങ്ങില്‍ ആദരിക്കും.

ഹീറ്റ്സ് മത്സരങ്ങളുള്‍പ്പെടെ 30 മത്സരങ്ങളാണ് ഇന്ന്‍ നടക്കുക. കായികോത്സവം ചൊവ്വാഴ്ച സമാപിക്കും. സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ യോഗ്യത നേടുന്നവരാണ് പഞ്ചാബില്‍ ഡിസംബര്‍ നാലിന് ആരംഭിക്കുന്ന ദേശീയ സ്‌കൂള്‍ അത് ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group