ബര്‍ലിന്‍: 2024 യുവേഫ യൂറോ കപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായി സ്‌പെയിനിന്റെ മധ്യനിര താരം റോഡ്രി. ഞായറാഴ്ച ബര്‍ലിനില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തകര്‍ത്തതിനു പിന്നാലെയാണ് റോഡ്രിയെ ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തത്. ടൂര്‍ണമെന്റിലുടനീളം സ്‌പെയിനിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
കാല്‍മുട്ടിന് പരിക്കേറ്റതു കാരണം ഫൈനലിലെ ആദ്യ പകുതിയില്‍ റോഡ്രിയെ പരിശീലകന്‍ ലൂയി ഫ്യൂന്തെ പിന്‍വലിച്ചിരുന്നു. എന്നിരുന്നാലും ജര്‍മനി, ഫ്രാന്‍സ് ടീമുകള്‍ക്കെതിരെയെല്ലാം റോഡ്രി നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി അവാര്‍ഡിന് പരിഗണിച്ചു. ഗ്രൗണ്ടില്‍ 521 മിനിറ്റ് ചെലവഴിച്ച താരം ഒരു ഗോള്‍ നേടിയിട്ടുണ്ട്. 439 പാസ് ശ്രമങ്ങളും 411 പൂര്‍ത്തിയായ പാസുകളും നടത്തി. 92.84 ശതമാനമാണ് പാസ് കൃത്യത.
അതേസമയം ഗോള്‍ഡന്‍ ബൂട്ട് ആറുപേര്‍ പങ്കിട്ടു. സ്പെയിനിന്റെ ഡാനി ഒല്‍മോ, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, നെതര്‍ലന്‍ഡ്സിന്റെ കോഡി ഗാക്പോ, ജര്‍മനിയുടെ ജമാല്‍ മുസിയാള, സ്ലൊവാക്യയുടെ ഇവാന്‍ സ്‌ക്രാന്‍സ്, ജോര്‍ജിയയുടെ മിക്കോട്ടഡ്സെ എന്നിവരാണ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിനര്‍ഹര്‍. സ്‌പെയിനിന്റെ ലാമിന്‍ യമാലാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച യുവതാരം.