പത്തനംതിട്ട: 2018 ല്‍ കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ്ന മരിയ ജയിംസിനെ കണ്ടെത്തിയതായുള്ള പ്രചാരണം തളളി പത്തനംതിട്ട എസ് പി കെ.ജി സൈമണ്‍. അതേസമയം, ജെസ്‌ന തിരോധനക്കേസിലെ അന്വേഷണ പുരോഗതി ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് എസ് പി പറഞ്ഞു. പോസിറ്റീവ് വാര്‍ത്ത പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തില്‍ മാറ്റമില്ല. ജെസ്‌നയുടെ ഫോണ്‍ രേഖകളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുമുള്ള അന്വേഷണത്തിന് സൈബര്‍ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി. വരും ദിവസങ്ങളില്‍ പോസിറ്റീവ് വാര്‍ത്ത പ്രതീക്ഷിക്കാമെന്നും എസ് പി പറഞ്ഞു. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് ടോമിന്‍ ജെ തച്ചങ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജെസ്‌നയെ കണ്ടെത്തിയതായി ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതര സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടത്തുന്നത്.
ജെസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ചിലാണ് കാണാതാകുന്നത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. 2018 മേയ് 27ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവ് പുറത്തിറക്കി.
പത്തനംതിട്ട പൊലീസ് മേധാവി ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി മുഖ്യ അന്വേഷണ ഓഫീസറുമായാണ് സംഘം രൂപീകരിച്ചത്. ജെസ്നയെ കണ്ടെത്തുന്നവര്‍ക്ക് ആദ്യം പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ അഞ്ചു ലക്ഷമായും ഉയര്‍ത്തി. മലപ്പുറത്തെ കോട്ട ക്കുന്നില്‍ ജെസ്നയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.