ഞാൻ ഒരാളെ പൂർണമായി വിശ്വസിച്ചു; അവസാനം എല്ലാം വഞ്ചനയിൽ ചെന്നവസാനിച്ചു; ഇനി മുന്നോട്ടില്ല; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൗഭാഗ്യ

കൊച്ചി: തന്റെ ബിസിനസ് സംരംഭമായ ‘പൂവ്’ എന്ന ബ്രാൻഡ് അവസാനിപ്പിക്കുകയാണെന്ന വാർത്ത പങ്കുവെച്ച് പ്രശസ്ത നടിയും നർത്തകിയും ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ്. ഏറെ ആഗ്രഹത്തോടും പ്രതീക്ഷയോടും കൂടി കെട്ടിപ്പടുത്ത ഒരു സംരംഭം പെട്ടെന്ന് നിർത്തേണ്ടി വന്നതിന്റെ കാരണം താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുകയായിരുന്നു. ബിസിനസ് പങ്കാളിയിൽ നിന്നും നേരിടേണ്ടി വന്ന കടുത്ത വഞ്ചനയും ചതിയുമാണ് ഇത്തരമൊരു കഠിനമായ തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് സൗഭാഗ്യ തുറന്നുപറഞ്ഞു.

വിശ്വസിച്ച വ്യക്തിയിൽ നിന്നേറ്റ തിരിച്ചടി തന്നെ മാനസികമായി ഏറെ തളർത്തിയെന്നും, സ്വന്തം അധ്വാനവും സ്വപ്നങ്ങളും മറ്റൊരു വ്യക്തി സ്വന്തമാക്കാൻ ശ്രമിച്ചപ്പോഴാണ് ബ്രാൻഡ് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും താരം കൂട്ടിച്ചേർത്തു. നിയമപരമായ വഴികളിലൂടെ പോരാടുന്നതിനേക്കാൾ തന്റെ സമാധാനത്തിനാണ് മുൻഗണന നൽകുന്നത്. അതുകൊണ്ട് തന്നെ ‘പൂവ്’ എന്ന പേരും ലോഗോയും പൂർണ്ണമായി ഉപേക്ഷിക്കുകയാണെന്ന് സൗഭാഗ്യ അറിയിച്ചു.

തന്റെ ബിസിനസ്സ് യാത്രയിൽ ഒപ്പം നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഉപഭോക്താക്കൾക്കും സുഹൃത്തുക്കൾക്കും താരം നന്ദി രേഖപ്പെടുത്തി. ഇതൊരു അവസാനമല്ലെന്നും, ഒരു പുതിയ തുടക്കത്തിന്റെ മുന്നോടിയാണെന്നും സൗഭാഗ്യ വ്യക്തമാക്കുന്നു.

വളരെയധികം ഹൃദയവേദനയോടെ, ഈ ബ്രാൻഡ് നിർത്തലാക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. എന്റെ സ്വപ്നത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്. പിന്തുണയുടെ കുറവുകൊണ്ടുമല്ല. വഞ്ചനയിൽ ചെന്നവസാനിച്ച ഒരു ബിസിനസ് പങ്കാളിത്തമാണ് ഈയൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഞാൻ ഒരാളെ പൂർണമായി വിശ്വസിച്ചു, എന്നാൽ ആ വിശ്വാസം പാടേ തകർക്കപ്പെട്ടു. എനിക്ക് ഒരിക്കലും നേരിടേണ്ടി വരുമെന്ന് കരുതാത്ത ചില തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ‌ ഒറ്റക്ക് നേരിടേണ്ട അവസ്ഥയിലാണ് ഞാൻ ഉള്ളത്. ഒരു ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിന് സമയവും പരസ്പരസ്നേഹവും പണവും ഉറക്കമില്ലാത്ത രാത്രികളും ആവശ്യമാണ്. ഒരാൾ വാക്ക് പാലിക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ട് മാത്രം അത് ഇല്ലാതാകുന്നത് ഹൃദയഭേദകമാണ്.

ആദ്യ ദിവസം മുതൽ ‘പൂവിനെ’ പിന്തുണച്ച എല്ലാവരോടും എനിക്കൊരു വിശദീകരണം നൽകാൻ ബാധ്യതയുള്ളതുകൊണ്ടാണ് ഞാൻ ഇത് പങ്കുവെക്കുന്നത്. നിങ്ങൾ നൽകുന്നതുപോലെ എല്ലാവരും സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കും വിശ്വസ്തതയ്ക്കും വില നൽകില്ല എന്ന് തിരിച്ചറിയുന്നതാണ് ബിസിനസിലെ ഏറ്റവും കഠിനമായ പാഠം. എന്റെ മനസമാധാനം പണയപ്പെടുത്തുന്നതിനേക്കാൾ ഈ അധ്യായം ഇവിടെ അവസാനിപ്പിക്കാനാണ് ഞാൻ തീരുമാനിച്ചത്. ‘പൂവിൽ’ വിശ്വസിച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും എനിക്ക് എത്രത്തോളം വലുതായിരുന്നു എന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ‌ ഒരു സംരംഭക എന്ന നിലയിൽ ഇത് എന്റെ അവസാനമല്ല. ഇത് കേവലം ഒരു അധ്യായത്തിന്റെ അവസാനം മാത്രമാണ്. കൂടുതൽ ശക്തവും വിവേകപൂർണവുമായ, കെട്ടുറപ്പുള്ള മറ്റൊന്നുമായി ഞാൻ വീണ്ടും തിരിച്ചുവരും”, സൗഭാഗ്യ വെങ്കിടേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

English Summary

Famous actress, dancer, and social media influencer Sowbhagya Venkitesh announced the closure of her business venture, the brand ‘Poove’. In an emotional social media post, she revealed that the sudden decision was prompted by severe betrayal and fraud committed by her business partner. Sowbhagya expressed deep heartbreak over closing a brand she built with great passion and hard work. Her followers and colleagues from the film industry have extended immense support, urging her to pursue legal action against the perpetrator.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News