തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അപകീർത്തി പരാമർശം; DMK എംഎൽഎ അനിത ആർ രാധാകൃഷ്ണൻ അറസ്റ്റിൽ

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അപകീർത്തി പരാമർശം; DMK എംഎൽഎ അനിത ആർ രാധാകൃഷ്ണൻ അറസ്റ്റിൽ

തമിഴ്‌നാട്: മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ നടത്തിയ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മുൻ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ എംഎൽഎയുമായ അനിത ആർ. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു. ജൂൺ 20-ന് തൂത്തുക്കുടി ജില്ലയിലെ ആതൂരിൽ നടന്ന ഡിഎംകെ പൊതുയോഗത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു പോലീസ് നടപടി.

ജസ്റ്റിസ് ജി.കെ. ഇലന്തിരിയ്യൻ അധ്യക്ഷനായ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. 1967 മുതൽ തമിഴ്‌നാട് ചലച്ചിത്രരംഗവുമായി ബന്ധമുള്ള നേതാക്കൾ ഭരിച്ചുവരുന്ന സംസ്ഥാനമാണെന്നും ഇത്തരം പ്രസംഗങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കോടതി ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്.

തിരുച്ചെന്തൂർ നിയമസഭാ മണ്ഡലത്തിലെ ആതൂർ ടൗൺ പഞ്ചായത്തിൽ വികസനപ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ അനിത ആർ രാധാകൃഷ്ണൻ പഞ്ചായത്ത് ഓഫീസും പുതിയ കെട്ടിടവും സന്ദർശിച്ചിരുന്നു. പരിശോധന പൂർത്തിയാക്കിയ ഉടൻ പോലീസ് രാധാകൃഷ്ണനെ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പോലീസ് വാഹനത്തിൽ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോയി.

അറസ്റ്റിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. പോലീസ് നടപടിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടാക്കുകയും ചെയ്തു. സ്ഥിതിഗതകൾ നിയന്ത്രിക്കാൻ കൂടുതൽ പോലീസ് സന്നാഹം വിന്യസിച്ചു. മുഖ്യമന്ത്രി വിജയ്‌ക്കെതിരെ പ്രസംഗം അപകീർത്തികരമാണെന്നും സാമൂഹിക സംഘർഷത്തിന് പ്രേരിപ്പിക്കുന്നതാണെന്നുമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഡിഎംകെ എംപി കനിമൊഴി അറസ്റ്റിനെ ശക്തമായി അപലപിച്ചു. പ്രതിപക്ഷ എംഎൽഎയെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സർക്കാർ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തതെന്നും ഇത്തരം അടിച്ചമർത്തൽ നടപടികൾക്ക് ഡിഎംകെ ഒരിക്കലും വഴങ്ങില്ലെന്നും അവർ എക്‌സിൽ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News