കൊല്ലത്ത് പാമ്പുകടിപ്പിച്ച് കാെലപ്പെടുത്തിയ ഉത്രയുടെ മകനെയും ഭർത്താവ് സൂരജിന്റെ അമ്മയെയും കാണാനില്ല

അഞ്ചൽ: കൊല്ലം അഞ്ചലിൽ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകനെയും ഭര്‍ത്താവായ സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന് പൊലീസ്. കുട്ടിയെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിന് പിന്നാലെയാണ് കുട്ടിയെയും സൂരജിന്റെ അമ്മയെയും കാണാതായത്.

ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. അഞ്ചല്‍ പൊലീസും അടൂര്‍ പൊലീസുമാണ് കുട്ടിയെ അന്വേഷിച്ച് എത്തിയത്. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. അന്വേഷിച്ചപ്പോള്‍ സൂരജിന്റെ അമ്മയും വീട്ടിലില്ലെന്ന് വ്യക്തമായി. അടൂരിലെ സൂരജിന്റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും ഇരുവരുമില്ലെന്ന് പൊലീസ് പറഞ്ഞു. സൂരജിന്റെ അമ്മ കുട്ടിയെയും കൊണ്ട് മറ്റെവിടെയെങ്കിലും മാറി നില്‍ക്കുന്നതായി സംശയിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ഉത്രയുടേത് കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. സുഹൃത്തിന്റെ സഹായത്തോടെയാണ് ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സൂരജിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചിരുന്ന കുപ്പി ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ മൂന്ന് മാസം നീണ്ട് നിന്ന ഗൂഢാലോചന നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്രയുടെ സമ്പത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി കരുതി കൂട്ടി നടത്തിയ കൊലപാതകമാണന്നാണ് പൊലീസിന്റെ വിലയിരുത്തല്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News