ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചു. മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിത്സ നടത്തി. പലതരം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സോണിയക്ക് കൊവിഡാനന്തര ചികിത്സ തുടരുന്നുണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയക്ക് ശ്വാസകോശത്തിൽ അണുബാധയുള്ളതായി ഡോക്ടർമാർ പിന്നീട് കണ്ടെത്തിയിരുന്നു.
അണുബാധ കണ്ടെത്തിയതിനെ തുടർന്ന് സോണിയ ഗാന്ധിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയെന്നും ചികിത്സകൾ തുടരുകയാണെന്നും പാർട്ടി നേരത്തെ അറിയിച്ചിരുന്നു. രണ്ടാമതും കൊവിഡ് പൊസീറ്റിവായതിന് പിന്നാലെയാണ് സോണിയയുടെ ആരോഗ്യനില മോശമായത്. സോണിയക്കൊപ്പം കൊവിഡ് ബാധിച്ച പ്രിയങ്ക ഗാന്ധിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ഇന്നത്തെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചിരുന്നു.
സോണിയ ഗാന്ധിയുടെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാണിച്ചാണ് ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിക്കുകയാണെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു. തുടർച്ചയായ മൂന്നു ദിവസങ്ങളിലായി രാഹുൽ ഗാന്ധിയെ ഇഡി മുപ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.