അച്ഛന്‍ ചായ കൊടുക്കുന്ന അതേ സ്‌റ്റേഷനില്‍ പോലീസായി മകനെത്തി; സിനിമാ കഥകളെ വെല്ലുന്ന ജീവിത കഥ

എരുമപ്പെട്ടി: പതിനെട്ടുവര്‍ഷമായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനുമുന്നില്‍ ഉന്തുവണ്ടിയില്‍ ചായക്കട നടത്തുന്ന കറപ്പംവീട്ടില്‍ മുഹമ്മദ് എന്ന ഉണ്ണിക്കയ്ക്ക് ഇത് ഏറെ സന്തോഷമുള്ള ദിവസങ്ങളാണ്. സ്റ്റേഷനു പിന്നിലെ വീട്ടില്‍നിന്നു പുലരും മുമ്പേ കടയിലെത്തും. സ്റ്റേഷനിലുള്ളവരുടെയും സമീപത്തുള്ളവരുടെയും ചായവിളി കാത്ത് രാത്രി ഏഴുവരെ അദ്ദേഹമുണ്ടാകും. മൂന്നു മക്കളുള്ള മുഹമ്മദും ഭാര്യ ഐഷയും സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും മക്കളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

മൂത്തമകന്‍ കെ.എം. ഷാഹിദ് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. പെണ്‍മക്കള്‍ ഷാബിതയും ഷാജിതയും ബിരുദധാരികളാണ്. വിവാഹവും കഴിഞ്ഞു. മകന്‍ ഷാഹിദിന് ഒരു സര്‍ക്കാര്‍ ജോലി കിട്ടണമെന്ന ആഗ്രഹമായിരിന്നു മുഹമ്മദിന്. ഒരു നിയോഗമെന്നപോലെ ആദ്യമെത്തിയത് പോലീസ് സേനയിലേക്കുള്ള വിളി. മകന്‍ അപേക്ഷ നല്‍കിയതുമുതല്‍ ഓരോ ചുവടിലും പോലീസ് സുഹൃത്തുക്കളുടെ ഉപദേശം കൂട്ടായുണ്ടായിരുന്നു.

സിവില്‍ പോലീസ് ഓഫീസര്‍ പരിശീലനം കഴിഞ്ഞ് നവംബര്‍ ഒന്നിനാണ് പാസിങ് ഔട്ട് പരേഡ് നടക്കേണ്ടിയിരുന്നത്. ഇതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി ഷാഹിദിനെ എരുമപ്പെട്ടി സ്റ്റേഷനിലേക്കു നിയോഗിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സഹായമേകാന്‍ ട്രെയിനികളെ വീടിനടുത്തുള്ള സ്റ്റേഷനുകളിലേക്കയക്കുകയായിരുന്നു. ചുമതലയേറ്റ മകന് മുഹമ്മദ് ആദ്യമായി ചായകൊടുത്തപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരുടെയെല്ലാം മുഖത്ത് പുഞ്ചിരി വിടര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News