മകന്റെ ചേതനയറ്റ ശരീരം നാട്ടില്‍,അവസാനമായി ഒരു നോക്കു കാണുവാന്‍ പോലുമാവാതെ മാതാപിതാക്കള്‍ വിദേശത്ത്,കൊറോണക്കാലത്തെ നൊമ്പരക്കാഴ്ചകള്‍ തുടരുന്നു

ജിദ്ദ:കൊറോണക്കാലത്തെ ഏറ്റവും വലിയ ദുരന്തം.മരണശേഷം ഒരു നോക്കു കാണാന്‍ പോലും കഴിയില്ല എന്നതാണ്. ഉറ്റവരുടെയും ഉടയവരുടെയും സാന്നിദ്ധ്യമില്ലാതെ അനാഥപ്രേതങ്ങളെപ്പോലെയുള്ള സംസ്‌കാരം ഹൃദയഭേദകവുമാണ്.

കൊറോണ കാലത്തെ് അപ്രതീക്ഷിതമായുണ്ടായ തങ്ങളുടെ മകന്റെ വേര്‍പാടില്‍ തകര്‍ന്ന് പ്രവാസി മാതാപിതാക്കള്‍. ജിദ്ദയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ചെമ്പക്കുളത്ത് ജയറാം പിള്ളയുടെ മകനായ രാഹുല്‍ പിള്ള (19) യുടെ നാട്ടില്‍ വെച്ചുള്ള ആകസ്മിക മരണം ജിദ്ദയില്‍ കഴിയുന്ന രക്ഷിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പോലും ആവുന്നില്ല. അവരെയെങ്ങിനെ സമാശ്വസിപ്പിക്കണമെന്ന് സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ല.. സ്വന്തം നാട്ടിലെ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ചയാണ് രാഹുല്‍ മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജിദ്ദയിലെ അല്‍വുറൂദ് ഇന്റെര്‌നെഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന രാഹുല്‍ പ്ലസ് ടൂ പൂര്‍ത്തിയാക്കി ഒന്നര വര്‍ഷം മുമ്പാണ് ബിരുദ പഠനാര്‍ത്ഥം ബംഗളുരുവിലെ ഒരു കോളേജില്‍ ചേര്‍ന്നത്. കോളേജ് അടച്ചതിനെത്തുടര്‍ന്ന് വീട്ടിലെത്തി ബന്ധുക്കളോടൊപ്പം കഴിയവെയാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി രാഹുലിന്റെ വിയോഗം.കൊറോണാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിന്നുള്ള വ്യോമഗതാഗതം അനിശ്ചിതമായി നിര്‍ത്തിവെച്ചിരിക്കയാല്‍, നാട്ടിലെത്താനോ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാനോ സാധിക്കാത്ത സങ്കടക്കടലിലാണ് ജിദ്ദയിലുള്ള രാഹുലിന്റെ മാതാപിതാക്കളും സഹോദരനും.

മാസങ്ങള്‍ക്ക് മുമ്പ് ജിദ്ദയില്‍ വന്ന് മാതാപിതാക്കളോടൊപ്പം കഴിഞ്ഞ് തിരിച്ചു പോയതായിരുന്നു രാഹുല്‍. ഈ മാസം വീണ്ടും ജിദ്ദയിലേയ്ക്ക് വരാനിരുന്നെങ്കിലും കൊറോണ മൂലം വിമാന സര്‍വിസുകള്‍ അതിനകം നിര്‍ത്തി വെച്ചിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല.മാതാവ്: മഞ്ജു പിള്ള. സഹോദരന്‍: ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി രോഹിത് പിള്ള. ജിദ്ദയില്‍ സ്വന്തമായ ബിസിനസ്സ് ഏര്‍പ്പാടുകളില്‍ വ്യാപൃതനായ ജയറാം പിള്ള നഗരത്തിലെ സാമൂഹ്യ സാംസ്‌കാരിക വേദികളില്‍ സജീവ പ്രവര്‍ത്തകനാണ്.

നിരവധി പേര്‍ ജയറാമിനെ വിളിച്ച് അനുശോചനം അറിയിച്ചു. ജിദ്ദയില്‍ ഭാഗിക കര്‍ഫ്യു നിലവിലുള്ളതിനാല്‍ അനുശോചനാര്‍ത്ഥമുള്ള സുഹൃത്തുക്കളുടെ ഭവന സന്ദര്‍ശനം പോലും നിയന്ത്രിത തോതിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News