ന്യൂഡല്‍ഹി: സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരി ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തെത്തി. ഉദ്യോഗസ്ഥരെ കാണാന്‍ അനുമതി തേടിയെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് കൈമാറിയിരുന്നു. സിബിഐ നോട്ടീസ് അയച്ചിരുന്നില്ലെന്നും അനുവാദം എടുത്താണ് പരാതിക്കാരി വന്നതെന്നും വിവരം.
കേസ് സിബിഐയ്ക്ക് കൈമാറിയത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് സന്ദര്‍ശനം. ഈ വര്‍ഷം ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് വിഷയത്തില്‍ പരാതിക്കാരി കത്ത് കൈമാറിയത്. തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് പരാതിക്കാരി സന്ദര്‍ശനം നടത്തുന്നതെന്നും ശ്രദ്ധേയമാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒരു ബിജെപി നേതാവിനും എതിരെയാണ് കേസ്. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍ കുമാര്‍, നസ്സറുള്ള, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, അബ്ദുള്ള കുട്ടി എന്നീ നേതാക്കള്‍ക്ക് എതിരെയാണ് പരാതി നല്‍കിയിരുന്നത്. ഉമ്മന്‍ ചാണ്ടി ഒഴികെയുള്ള നേതാക്കള്‍ക്ക് എതിരെ പരാതിക്കാരി രഹസ്യ മൊഴി നല്‍കിയിട്ടുണ്ടായിരുന്നു.
സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2018 ഒക്ടോബറിലാണ് കേസെടുത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എംപി എന്നിവര്‍ക്ക് എതിരെ ആയിരുന്നു കേസ്. പിന്നീട് കേസില്‍ മുന്‍മന്ത്രിമാരായ എ പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്ക് എതിരെയും കേസ് ചുമത്തി.