അയോധ്യ വിധി; എല്ലാ സമൂഹമാധ്യമങ്ങളും കര്‍ശന നിരീക്ഷണത്തില്‍

തിരുവനന്തപുരം: സുപ്രധാനമായ അയോധ്യാ വിധി പ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സമൂഹമാധ്യമങ്ങളും പോലീസിന്റെ നിരീക്ഷണത്തില്‍. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണെന്നും ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News