32.3 C
Kottayam
Monday, April 29, 2024

പാമ്പുകളേക്കൊണ്ട് പൊറുതിമുട്ടി, ‘പുകച്ചുപുറത്തുചാടിക്കാന്‍’ ശ്രമം; 13 കോടിയുടെ വീട് കത്തിച്ചാമ്പലായി

Must read

വാഷിങ്ടൺ: ‘എലിയെ കൊല്ലാൻ ഇല്ലംചുടുക’ എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. അക്ഷരാർഥത്തിൽ ഇതിന് സമാനമായ കാര്യമാണ് അമേരിക്കയിലെ മേരിലാൻഡിൽ സംഭവിച്ചത്. വീടിനുള്ളിൽ കയറിയ പാമ്പുകളെ പുകച്ചു പുറത്തുചാടിക്കാനുള്ള വീട്ടുടമയുടെ ശ്രമം പാളിയപ്പോൾ 18 ലക്ഷം യു.എസ്. ഡോളറിന്റെ (ഏകദേശം 13 കോടി രൂപ) വീട് കത്തിച്ചാമ്പലായി. പുകയ്ക്കാൻ വെച്ച കൽക്കരിയിൽനിന്ന് തീ പടർന്നതാണ് വീടിന്റെ ഒരു ഭാഗം കത്തിയമരാൻ ഇടയാക്കിയത്.

അമേരിക്കയിലെ മേരിലാൻഡിൽ നവംബർ 23-നാണ് സംഭവം. ഒന്നിലധികം നിലകളുള്ള, ഏകദേശം 10,000 ചതുരശ്ര അടി വലിപ്പമുള്ള വീടിനാണ് തീപിടിച്ചത്. വീടിന്റെ ബേസ്മെന്റിൽനിന്ന് പടർന്ന തീ, മറ്റു നിലകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു.

വീടിനുള്ളിലെ പാമ്പുകളുടെ ശല്യമാണ് അവയെ പുകച്ചുപുറത്തുചാടിക്കാനുള്ള ശ്രമം നടത്താൻ ഉടമയെ പ്രേരിപ്പിച്ചത്. ഈ വീട്ടിൽ മുൻപ് താമസിച്ചിരുന്നയാൾക്കും പാമ്പുകളുടെ ശല്യം നേരിടേണ്ടി വന്നിരുന്നു. പുകയ്ക്കാനായി വീട്ടുടമ കൽക്കരിയാണ് ഉപയോഗിച്ചത്. കത്തിച്ച കൽക്കരിക്ക് സമീപത്ത് എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ ഉണ്ടായിരുന്നതാണ് തീ ആളിപ്പടരാൻ ഇടയാക്കിയത്. തുടർന്ന് വീടിനും തീപിടിക്കുകയായിരുന്നെന്ന് മോണ്ട്ഗോമറി കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ മുഖ്യവക്താവ് മാധ്യമങ്ങളോടു പ്രതികരിച്ചു.

തീപിടിച്ച സമയത്ത് വീടിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. പുക ഉയരുന്നത് കണ്ട് അതുവഴി പോയ അയൽക്കാരൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ദീർഘനേരത്തെ ശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീയണയ്ക്കാനായത്.

പത്തുലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നാണ് കരുതുന്നത്. ഈയടുത്ത് 18 ലക്ഷം ഡോളറിനാണ് ഈ വീട് താമസക്കാരൻ വാങ്ങിയത്. അതേസമയം, വീട്ടിലെ പാമ്പുകളുടെ അവസ്ഥ എന്തായി എന്ന കാര്യം വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week