26.5 C
Kottayam
Tuesday, May 14, 2024

പരസ്യവിചാരണ; കുട്ടിയോടും കോടതിയോടും മാപ്പ് ചോദിച്ച് പിങ്ക് പോലീസ്‌

Must read

കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി. സത്യവാങ്മൂലം രൂപത്തിൽ നിരുപാധികം മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു അപേക്ഷ. സംഭവത്തിൽ കുട്ടിയോടും കോടതിയോടും മാപ്പപേക്ഷിക്കുകയാണെന്ന് പോലീസുകാരി വ്യക്തമാക്കി.

ഈ മാസം 15-ന് കേസ് വീണ്ടും പരിഗണിക്കും. കുട്ടി അനുഭവിച്ച മാനസിക പ്രശ്നങ്ങൾക്ക് പകരം എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒരു എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടിയും പിതാവും ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സർക്കാരിന്റ നിലപാട് ശ്രദ്ധേയമാകും.

കുട്ടിയെ കൗൺസിലിങ് ചെയ്ത ഡോക്ടറോടും വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയോട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെ കൊണ്ട് കുട്ടിയെ കൗൺസിലിങ് നടത്തി അതിന്റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി ഇന്ന് ഉത്തരവിടുകയുണ്ടായി.

കടുത്ത ഭാഷയിലാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെയും പൊലീസിനെയും കേസ് പരിഗണിക്കവേ വിമർശിച്ചത്. നമ്മുടെ ആരുടെയെങ്കിലും മക്കൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ എങ്ങനെ സഹിക്കുമെന്ന്  കോടതി ചോദിച്ചു. പെൺകുട്ടി പൊലീസുകാരിയെ ആന്‍റി എന്നാണ് വിളിക്കുന്നത്, എത്ര നിഷ്കളങ്കമായാണ് പെൺകുട്ടി സംസാരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

 ആരോപണവിധേയയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ബിഹേവിയറൽ ട്രെയിനിങ്ങിന് അയച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എന്ത് കൊണ്ട് കേസെടുക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. റിപ്പോർട്ടിലെ ചില കാര്യങ്ങളിൽ പിശകുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾ കൂടിയതുകൗണ്ടാണ് പെൺകുട്ടി കരഞ്ഞത് എന്ന വാദം ശരിയല്ല, പൊലീസുദ്യോഗസ്ഥയുടെ മോശം പെരുമാറ്റം കൊണ്ടുകൂടിയാണ് കുട്ടി കരഞ്ഞത്. ദൃശ്യങ്ങളിൽ കാണുന്നതും സർക്കാർ റിപ്പോർട്ടിൽ പറയുന്നതും തമ്മിൽ പൊരുത്തക്കേട് ഉണ്ട്. ഉദ്യോഗസ്ഥയ്ക്കെതിരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് പൂർണ്ണമല്ലെന്നും കോടതി നിരീക്ഷിച്ചു. 

കുട്ടിയുടെ മൊഴിയടക്കമുള്ള റിപ്പോർട്ട് പരിശോധിച്ച കോടതി പെൺകുട്ടി പറഞ്ഞത് നുണയല്ലെന്ന നിഗമനത്തിലാണ്. കുട്ടിയെ അപമാനിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. കുട്ടിക്ക് അനുകൂലം ആയി സംസ്ഥാന സർകാർ എന്ത് നടപടി സ്വീകരിക്കും എന്ന് കോടതി തിരിച്ചു ചോദിച്ചു. എന്ത് നടപടിയെടുക്കാൻ പറ്റുമെന്നതിൽ ഡിജിപിയുമായി ആലോചിച്ച് തീരുമാനിക്കമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

കുട്ടിയെ പരിശോധിക്കണമെന്ന പോലിസ് ഉദ്യോഗസ്ഥയുടെ നിലപാട് കാടത്തമെന്ന് പറഞ്ഞ കോടതി കാക്കി കാക്കിയെ സഹായിക്കുന്ന അവസ്ഥയാണെന്ന് കുറ്റപ്പെടുത്തി. ഈ കേസിൽ മാത്രമല്ല പല കേസുകളിലും താൻ ഇത് കണ്ടിട്ടുണ്ടെന്ന് പൊലീസ് നിലപാടിനെപ്പറ്റി കോടതിയുടെ നിരീക്ഷണം.  കുട്ടിയെ പരിശോധിക്കാൻ പൊലീസുദ്യോഗസ്ഥക്ക് എന്താണ് അവകാശമാണ് ? യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാമെന്നാണോ കരുതുന്നതെന്ന് കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നതും ആലോചിക്കാവുന്നതാണ് എന്ന് കോടതി പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week