‘ഇര വിഴുങ്ങി കുടുങ്ങി’; ഇരുമ്പു തൂണിനുള്ളില്‍ പെട്ട പെരുമ്പാമ്പിനെ വെല്‍ഡിങ് മുറിച്ച് രക്ഷപ്പെടുത്തി

പത്തനംതിട്ട: ഇര വിഴുങ്ങിയ ശേഷം ഇരുമ്പ് തൂണികത്തേക്ക് കയറി അതില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പത്തനംതിട്ട കരിമ്പനാക്കുഴില്‍ ഇന്നലെ രാവിലെയാണ് സംഭവം. പാമ്പിനെ റാന്നി വനം വകുപ്പ് ഓഫീസിലെ ദ്രുത കര്‍മ്മ സേനയും പത്തനംതിട്ടയിലെ അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ഇര വിഴുങ്ങിയ ശേഷം പാമ്പ് കെഎസ്ഇബിയുടെ ഇരുമ്പ് തൂണിനകത്തേയ്ക്ക് കയറുകയായിരുന്നു. എന്നാല്‍, വിസ്താരം കൂടിയ ഭാഗത്തുകൂടെ കയറിയ പാമ്പിന് വിസ്താരം കുറഞ്ഞ മറ്റേ അറ്റത്തുകൂടി പുറത്ത് കടക്കാന്‍ സാധിച്ചില്ല. ഇതോടെ ഒരറ്റത്ത് പാമ്പിന്റെ തലയും ഉടലിന്റെ കുറച്ചു ഭാഗവും മാത്രമാണ് പുറത്തു വന്നത്.

പാമ്പിന്റെ ശരീരത്തിലെ മറ്റ് ഭാഗങ്ങള്‍ തൂണിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചു. റാന്നിയിലെ വനം വകുപ്പ് ദ്രുതകര്‍മ്മ സേന സ്ഥലത്തെത്തിയെങ്കിലും പാമ്പിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇരുമ്പ് തൂണ്‍ മുറിച്ച് മാറ്റുവാനുള്ള സൗകര്യം ഇല്ലാത്തതാണ് വനം വകുപ്പിന് വെല്ലുവിളിയായത്.

ഇതേത്തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെ കാര്യമറിയിക്കുകയും പത്തനംതിട്ടയില്‍ നിന്നുള്ള യൂണിറ്റെത്തി വെല്‍ഡിങ് മുറിച്ച് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. പാമ്പിനെ വനംവകുപ്പ് പിന്നീട് പ്ലാപ്പള്ളി ഉള്‍വനത്തില്‍ തുറന്നുവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News