വയനാട് : സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിക്കുള്ളില്‍ പാമ്പുകടിയേറ്റു വിദ്യാര്‍ത്ഥിനി ഷഹ്‌ലയുടെ മരിച്ചത് പ്രത്യേക സംഘം അന്വേഷിക്കും. മാനന്തവാടി എസിപി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെ പ്രതി ചേര്‍ത്ത് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.
കുട്ടിയുടെ മരണത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ കെ കരുണാകരന്‍, ഹൈസ്‌കൂളിന്റെ ചുമതലയുള്ള വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹനന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കൂളിന്റെ പിടിഎ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. നേരത്തെ തന്നെ, ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാന്‍ ഷിജില്‍ എന്ന സയന്‍സ് അധ്യാപകന്‍ തയ്യാറായില്ലെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.
മന്ത്രിമാരായ സി രവീന്ദ്രനാഥും വിഎസ് സുനില്‍കുമാറും ഷഹ്ല ഷെറിന്റെ വീട് സന്ദര്‍ശിച്ചു. എംഎല്‍എ മാരായ സികെ ശശീന്ദ്രനും ഐസി ബാലകൃഷ്ണനും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു. ഷഹ്ലയുടെ പിതാവിനെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു. ദുഖത്തില്‍ പങ്ക് ചേരുന്നുവെന്ന് മന്ത്രിമാര്‍ കുടുംബത്തെ അറിയിച്ചു. സംസ്ഥാനത്ത് മറ്റൊരു കുട്ടിക്കും ഈ അനുഭവം ഉണ്ടാവരുതെന്ന് ഷഹ്ല കുടുംബം മന്ത്രിമാരോട് ആവശ്യപ്പെടുകയും . സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കുടുംബം തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഷ്ഹലയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.