തിരുവനന്തപുരത്ത് ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലുകാരനെ തല്ലിച്ചതച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലുകാരനെ തല്ലിച്ചതച്ചു. ആനയറ സ്വദേശി നീരജിനാണ് ക്രൂരമര്‍ദനമേറ്റത്. നീരജിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. വയറ്റിനുള്ളില്‍ രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ രാത്രി 9.30 ഓടെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ കൊലക്കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റിലായി.
സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നീരജ്. അമ്മയുടെ വീട്ടില്‍ നിന്ന് ആനയറയിലെ അച്ഛന്റെ വീട്ടിലേക്ക് വസ്ത്രങ്ങള്‍ എടുക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. അച്ഛന്റെ മുന്‍കാല സുഹൃത്തുക്കളായ രാജേഷ്, അരുണ്‍ എന്നിവരാണ് മര്‍ദിച്ചത്. ഇവരില്‍ ഒരാളുടെ ഫോണ്‍ നീരജിന്റെ അച്ഛന്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് മര്‍ദനം. നീരജിനെ ബലം പ്രയോഗിച്ച് ഓട്ടോയില്‍ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തടിക്കഷ്ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് മര്‍ദിച്ചതെന്ന് നീരജ് പറഞ്ഞു.