KeralaNews

സ്മൃതി ഇറാനി ഡോ. വന്ദനാ ദാസിന്റെ മാതാപിതാക്കളെ സന്ദർശിക്കും

തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി തിങ്കളാഴ്ച്ച കേരളത്തിലെത്തും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദനാ ദാസിന്‌റെ മാതാപിതാക്കളെ കേന്ദ്രമന്ത്രി സന്ദർശിക്കും.

ബിഎംഎസിന്റെ വനിതാ തൊഴിലാളി സംഗമത്തിലും സ്മൃതി ഇറാനി പങ്കെടുക്കും. കവടിയാർ ഉദയ്പാലസ് കൺവൻഷൻ സെന്ററിൽ വെച്ചാണ് സംസ്ഥാന വനിതാ തൊഴിലാളി സംഗമം നടക്കുന്നത്. സ്മൃതി ഇറാനിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ജി20 ഉച്ചകോടിയുടെ ഭാഗമായാണ് പരിപാടി നടത്തുന്നത്.

പരിപാടിയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ മുഖ്യാതിഥിയായി ബിഎംഎസ് അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി സുരേന്ദ്ര, അഖിലേന്ത്യ സെക്രട്ടറിമാരായ അഞ്ജലി പട്ടേൽ, വി രാധാകൃഷ്ണൻ എന്നിവരും പങ്കെടുക്കും.

ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിനെ കഴിഞ്ഞ ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 23 വരെയാണ് കസ്റ്റഡി കാലാവധി. പ്രതിയെ 23 ന് ഓൺലൈനായി കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സന്ദീപിന് വൈദ്യസഹായം അടക്കം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കേസില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സന്ദീപ് കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്ന് കുറ്റസമ്മത മൊഴി നൽകി. പുലർച്ചെ നടന്ന തെളിവെടുപ്പിന് പിന്നാലെയാണ് ഇയാളുടെ കുറ്റസമ്മതം.

കഴിഞ്ഞ ദിവസം സന്ദീപിനെ വീണ്ടും മാനസിക പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. സർക്കാർ നിർദേശ പ്രകാരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ആയിരുന്നു പരിശോധന.

പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇതോടെ പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന ആദ്യ റിപ്പോർട്ട് വിദഗ്ദ്ധ സംഘവും ശരിവച്ചു. ലഹരിക്ക് അടിമപ്പെട്ടാണ് സന്ദീപ് കൊല നടത്തിയതെന്ന് വിലയിരുത്തൽ. കൊലപാതക സമയത്ത് മാരകമായ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button