ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ആറു എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് എസ്.ഡി.പി.ഐക്കാര്‍ പിടിയില്‍. പാണവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തലക്കാരായ അന്‍സില്‍, സുനീര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത്. കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

വയലാര്‍ സ്വദേശിയായ നന്ദു ആര്‍.കൃഷ്ണയാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് നന്ദുവിന് വെട്ടേറ്റത്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. നാഗംകുളങ്ങരയില്‍ ഇരുവിഭാഗങ്ങളുടേയും പ്രകടനത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

ചൊവ്വാഴ്ച വയലാറില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ബക്കറ്റ് പിരിവ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഇരുവിഭാഗവും പ്രകടനം നടത്തി. ഈ പ്രകടനത്തിനിടെയാണ് ഏറ്റുമുട്ടിയത്.

വെട്ടേറ്റ കൃഷ്ണ ആശുപത്രിയില്‍ എത്തുംമുന്‍പ് മരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആലപ്പുഴയില്‍ ആഹ്വാനം ചെയ്തത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ ഒന്നും തന്നെ നിരത്തിലില്ല. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News