തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവാദമായ സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ സര്‍ക്കാരിനെയും മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിനെയും വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്. കരാറില്‍ ശിവശങ്കറിന് ഗുഢതാത്പര്യങ്ങളില്ലായിരുന്നുവെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ഇടപാടിനെക്കുറിച്ച് പരിശോധിച്ച രണ്ടാം സമിതിയുടെ റിപ്പോര്‍ട്ട് ആണിത്.
നേരത്തെ സ്പ്രിങ്കളര്‍ ഇടപാട് സംബന്ധിച്ച് ആദ്യം അന്വേഷിച്ച മാധവന്‍ നമ്പ്യര്‍ സമിതി സര്‍ക്കാരിനും ശിവശങ്കറിനും എതിരായ റിപ്പോര്‍ട്ടാണ് നല്‍കിയത്. സ്പ്രിങ്കളര്‍ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ വിരുദ്ധമായിരുന്നുവെന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് മേല്‍ സ്വകാര്യ കമ്പനിക്ക് പൂര്‍ണ അധികാരം നല്‍കുന്ന സ്ഥിതിയുണ്ടായിരുന്നുവെന്നുമായിരുന്നു ആദ്യ സമിതിയുടെ കണ്ടെത്തല്‍.
ആദ്യ റിപ്പോര്‍ട്ട് തിരിച്ചടിയാകുമെന്ന് മനസിലാക്കിയ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ രണ്ടാമതൊരു സമിതിയെ നിയോഗിക്കുകയായിരുന്നു. ഈ സമിതിയാണ് സര്‍ക്കാരിനെയും ശിവശങ്കറിനെയും വെള്ളപൂശി പുതിയ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
സ്പ്രിങ്ക്‌ളര്‍ ഇടപാടുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെയും സര്‍ക്കാരിനെയും വെള്ളപൂശിയുള്ള റിപ്പോര്‍ട്ടിനെതിരേ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയുണ് കെ.ശശിധരന്‍ നായര്‍ കമ്മിറ്റിക്കെതിരേ വിമര്‍ശനം ഉയര്‍ത്തിയത്.
വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നതെന്നും സര്‍ക്കാര്‍ സൗകര്യത്തിന് അനുസരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സതീശന്‍ ആരോപിച്ചു. സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.