ന്യൂഡൽഹി:’ലൗ ജിഹാദ്’ എന്ന വാക്ക് തന്നെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും, മുതിർന്ന ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവമ്പാടി മുൻ എംഎൽഎ ജോർജ് എം തോമസിന്‍റെ വിവാദമായ ‘ലൗ ജിഹാദ്’ പ്രസ്താവനയെ സീതാറാം യെച്ചൂരി പൂർണമായും തള്ളുന്നു. പാർട്ടിയുടെ സംസ്ഥാനഘടകം ഈ പ്രസ്താവന പരിശോധിക്കുമെന്ന് യെച്ചൂരി വ്യക്തമാക്കി.
കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവും മുസ്ലിം വിഭാഗക്കാരനുമായ ഷെജിനും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുളള ജോയ്‍സ്നയും തമ്മിലുളള പ്രണയവും വിവാഹവും വിവാദമായ പശ്ചാത്തലത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ്ജ് എം തോമസ് നടത്തിയ പരാമര്‍ശമായിരുന്നു വന്‍ വിവാദത്തിന് തിരി കൊളുത്തിയത്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ ഷിജിൻ ഈ പ്രണയവും വിവാഹവും പാർട്ടിയെ അറിയിക്കുകയോ പാർട്ടിയിൽ ചർച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും, ഇത് സമുദായ മൈത്രി തകർക്കുന്ന പ്രവൃത്തിയാണെന്നും, ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നുമായിരുന്നു ജോർജ് എം തോമസ് പറഞ്ഞത്. ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും ജോർജ് എം തോമസ് പറഞ്ഞു.
എന്നാലീ വാക്കുകളെ പാർട്ടി നേതൃത്വവും ഡിവൈഎഫ്ഐ നേതൃത്വവും പൂർണമായി തള്ളിപ്പറഞ്ഞു. ജോര്‍ജ് എം തോമസിന്‍റേത് നാക്കുപിഴയെന്നും ‘ലൗ ജിഹാദ്’ പരാമര്‍ശം സിപിഎമ്മിന്‍റെ പൊതുസമീപനത്തിന് വിരുദ്ധമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കി. പിന്നാലെ തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ ജോര്‍ജ് എം തോമസ് നിലപാട് തിരുത്തി. ലൗ ജിഹാദ് പരാമർശത്തിനെതിരെ കൂടുതൽ സിപിഎം – ഡിവൈഎഫ്ഐ നേതാക്കൾ രൂക്ഷവിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.
ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദം മാത്രമാണ് ലൗ ജിഹാദ് എന്ന് പറഞ്ഞ പി മോഹനൻ, ഷെജിനെതിരെ നടപടിയുണ്ടാകില്ലെന്ന് വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇരുവര്‍ക്കും പാര്‍ട്ടി സംരക്ഷണം നല്‍കുമെന്നും മോഹനന്‍ പറഞ്ഞു.
ലൗ ജിഹാദ് ബിജെപിയുടെ നുണബോംബെന്നും ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ക്രിസ്ത്യൻ മിഷണറിമാരെ പോലും ലൗ ജിഹാദ് നിയമത്തിന്‍റെ പേരിൽ വേട്ടയാടുകയാണെന്നുമായിരുന്നു ഈ വിഷയത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. ലൗ ജിഹാദ് പരാമര്‍ശത്തെ വിമര്‍ശിച്ചും ഷെജിനും ജ്യോയ്സ്‍നയ്ക്കും പിന്തുണ പ്രഖ്യാപിച്ചും ഡിവൈഎഫ്ഐ നേതാക്കളും രംഗത്തത്തി. അതേസമയം, വിവാദം സംബന്ധിച്ച് സിപിഎമ്മിന്‍റെ വിശദീകരണ യോഗം വൈകീട്ട് കോടഞ്ചേരിയില്‍ നടക്കാനിരിക്കുകയാണ്.