ലക്നൗ: കൊവിഡിന്റെ രണ്ടാംവരവില്‍ പകച്ചിരിക്കുകയാണ് രാജ്യം. ജീവിശ്വാസം കിട്ടാതെ മരിച്ചവര്‍ നിരവധിയാണ്. മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടി ആശുപത്രികള്‍ കണ്ണീര് കാഴ്ചകളായി മാറുകയാണ്. ഉറ്റവരുടെ ജീവന് നിലനിര്‍ത്താന്‍ പെടാപ്പാടു പെടുകയാണ് പലരും.
അതിനിടെ പ്രിയപ്പെട്ടവന് ജീവശ്വാസമേകുന്ന ഭാര്യയുടെ ചിത്രം രാജ്യത്തെ കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ ഉള്ളുലയ്ക്കുന്ന മറ്റൊരു ചിത്രമാണ് പുറത്തുവരുന്നത്. ആശുപത്രി സ്ട്രക്ചറില്‍ കിടക്കുന്ന അമ്മയുടെ ജീവന് നിലനിര്‍ത്തുന്നതിനായി മാറി മാറി വായിലൂടെ കൃത്രിമശ്വാസം നല്കുന്ന പെണ്മക്കളുടെ വിഡിയോ ആണ് പുറത്തുവന്നത്.
ഉത്തര്‍പ്രദേശിലെ ബഹറൈച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് ആ കണ്ണീര് കാഴ്ചയെത്തുന്നത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലാ കലക്ടര്‍ ഷാമ്പു കുമാര്‍ ആശുപത്രിയിലേക്ക് ഡോക്ടര്‍മാരുമായി എത്തി.
എന്നാല്‍ അപ്പോഴേക്കും ജീവശ്വാസം കിട്ടാതെ അമ്മ മരിച്ചിരുന്നു. ഇതേക്കുറിച്ച് ആശുപത്രി അധികൃതരോട് ചോദിച്ചപ്പോള്‍ ഓസ്കിജന്‍ ക്ഷാമം ഇല്ലയെന്നാണ് പറഞ്ഞത്. അമ്മയുടെ അവസ്ഥ അതീവ ഗുരുതരമായിരുന്നുവെന്നും വൈകാരികതയുടെ പുറത്താണ് മക്കള്‍ കൃത്രിമശ്വാസം നല്‍കിയതെന്നുമാണ് വിശദീകരണം. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.