തിരുവനന്തപുരം: കാനന്‍ നിയമം അനുസരിച്ച് പുരോഹിതര്‍ അഛന്‍മാരെപ്പോലെയാണെന്ന് സിസ്റ്റര്‍ സെഫി. അഭയക്കേസിലെ വിധിപ്രസ്താവത്തിന്‍മേല്‍ നടന്ന വാദത്തിലാണ് സെഫി ഇക്കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചത്.താന്‍ തെറ്റു ചെയ്തിട്ടില്ല. തനിയ്ക്കും പ്രായമായ അഛനും അമ്മയുമുണ്ട്.ആരോഗ്യപ്രശ്നങ്ങളുള്ള മാതാപിതാക്കളെ സംരക്ഷിയ്ക്കുന്നത് താനാണ് തന്റെ പെന്‍ഷന്‍ കൊണ്ടാണ് കുടുംബം ജീവിയ്ക്കുന്നത്.ആരോഗ്യപ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്ന രേഖകളും സെഫി കോടതിയില്‍ ഹാജരാക്കി.പരമാവധി ശിക്ഷ നല്‍കരുത് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും സെഫി ആവശ്യപ്പെട്ടു.താന്‍ അര്‍ബുദ രോഗയാണെന്നാണ് ഫോ.തോമസ് എം.കോട്ടൂര്‍ കോടതിയെ അറിയിച്ചത്.
കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഇന്നലെ വൈദ്യപരിശോധനക്ക് ശേഷം ജയിലേക്ക് മാറ്റിയിരുന്നു.ഇന്ന് രാവിലെ പത്തുമണിയോടെ പ്രതികളെ വീണ്ടും കോടതിയിലേക്ക് കൊണ്ടുവന്നു. അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങള്‍ക്ക് ശേഷമാണ് നിർണായക വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. ഒരു വർഷം മുമ്പാരംഭിച്ച വിചാരണ നടപടികൾ ഈ മാസം 10ന് അവസാനിച്ച ശേഷമാണ് വിധി പറയാനായി മാറ്റിയത്.
കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലെ വേണ്ടത്ര തെളിവുകളില്ലാത്തിനാൽ കോടതി ഒഴിവാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്. രഹസ്യമൊഴി നൽകിയ സാക്ഷികൾ ഉൾപ്പെടെ 8 പേർ കൂറുമാറിയിരുന്നു. ഒന്നാം സാക്ഷിയായ സഞ്ചു പി മാത്യുവിനെതിരെ നിയമനടപടിയും സിബിഐ ആരംഭിക്കും.