ഇപ്പോഴും വെന്റിലേറ്ററില്‍; നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം

കോയമ്പത്തൂര്‍: സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം. ഇപ്പോഴും വെന്റിലേറ്ററില്‍ ആണ് ഷാനവാസ്. തലച്ചോറിന് ആഘാതമുണ്ടെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നോക്കുകയാണെന്നും കുടുംബം വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്.

ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയാണ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു.ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്.

കൊവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. അദിതി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News