27.9 C
Kottayam
Thursday, May 2, 2024

അഭയക്കേസ് പ്രതികൾക്ക് ശിക്ഷ വിധിച്ചു,സിസ്റ്റര്‍ സെഫിയ്ക്കും ഫാ.കോട്ടൂരിനും ജീവപര്യന്തം തടവുശിക്ഷ

Must read

തിരുവനന്തപുരം:അഭയക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക്ശിക്ഷ വിധിച്ചു.തോമസ് എം. കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്.കോട്ടൂര്‍ 10.5 ലക്ഷം രൂപയും സെഫി 5.5. ലക്ഷം രൂപയും പിഴയടയ്ക്കണം.തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനൽ കുമാറാണ് പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്.

ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. മറ്റൊരു പ്രതിയായ സിസ്റ്റർ സെഫിക്കെതിരെ കൊലപാതകവും തെളിവു നശിപ്പിക്കലുമാണ് തെളിഞ്ഞത്.കുറ്റകൃത്യം ആസൂത്രിതമോയെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍. പ്രതികള്‍ക്കെതിരെ ആരോപിച്ചിരിയ്ക്കുന്ന കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞിരിയ്ക്കുന്നതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷം 12 മണിയോടെയായിരുന്നു വിധി പ്രസ്താവം.ഇരുവിഭാഗത്തിന്റെയും വാദം നടക്കുമ്പോള്‍ കണ്ണടച്ചു പ്രാര്‍ത്ഥനയിലായിരുന്നു സെഫി.അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലും ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.

ഒന്നാം പ്രതി തോമസ് കോട്ടൂര്‍ കാന്‍സര്‍ രോഗിയാണെന്ന് വിധി പ്രസ്താവത്തിന്‍മേല്‍ നടന്ന വാദത്തില്‍ ഒന്നാം പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.താന്‍ വൃക്കരോഗിയാണെന്ന് സിസ്റ്റര്‍ സെഫി കോടതിയെ ബോധിപ്പിച്ചു.കാനന്‍ നിയമം അനുസരിച്ച് പുരോഹിതര്‍ അഛന്‍മാരെപ്പോലെയാണെന്ന് സെഫി കോടതിയില്‍ പറഞ്ഞു. തനിയ്ക്കും പ്രായമായ അഛനും അമ്മയുമുണ്ട്.തെറ്റു ചെയ്തിട്ടില്ല.ആരോഗ്യപ്രശ്‌നങ്ങളുള്ള മാതാപിതാക്കളെ സംരക്ഷിയ്ക്കുന്നത് താനാണ് തന്റെ പെന്‍ഷന്‍ കൊണ്ടാണ് കുടുംബം ജീവിയ്ക്കുന്നത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഇന്നലെ വൈദ്യപരിശോധനക്ക് ശേഷം ജയിലേക്ക് മാറ്റിയിരുന്നു.ഇന്ന് രാവിലെ പത്തുമണിയോടെ പ്രതികളെ വീണ്ടും കോടതിയിലേക്ക് കൊണ്ടുവന്നു. അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങള്‍ക്ക് ശേഷമാണ് നിർണായക വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. ഒരു വർഷം മുമ്പാരംഭിച്ച വിചാരണ നടപടികൾ ഈ മാസം 10ന് അവസാനിച്ച ശേഷമാണ് വിധി പറയാനായി മാറ്റിയത്.

കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലെ വേണ്ടത്ര തെളിവുകളില്ലാത്തിനാൽ കോടതി ഒഴിവാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്. രഹസ്യമൊഴി നൽകിയ സാക്ഷികൾ ഉൾപ്പെടെ 8 പേർ കൂറുമാറിയിരുന്നു. ഒന്നാം സാക്ഷിയായ സഞ്ചു പി മാത്യുവിനെതിരെ നിയമനടപടിയും സിബിഐ ആരംഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week