തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടേത് കൊലപാതകമെന്ന് സ്ഥിരീകരിയ്ക്കാന്‍ കഴിയുന്ന നിര്‍ണായക മൊഴി പുറത്ത്. സിസ്റ്റര്‍ അഭയ മരിച്ചത് തലയ്‌ക്കേറ്റ മാരക ക്ഷതം കൊണ്ടാണെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ.വി.കന്തസ്വാമി തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്. അഭയ കിണറ്റില്‍ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യയുടെ ഒരു ലക്ഷണങ്ങളും ഉണ്ടായില്ലെന്നും കന്തസ്വാമി മൊഴി നല്‍കി.
ഫൊറന്‍സിക് വിദഗ്ദ്ധനായ ഡോ. വി കന്തസ്വാമിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിസ്റ്റര്‍ അഭയയുടെത് മുങ്ങി മരണമല്ല കൊലപാതകമാണെന്ന നിഗമനത്തിലേക്ക് സി.ബി.ഐ എത്തിയത്. അഭയയുടെ തലയിലേറ്റ ആറ് മുറിവുകളില്‍ തലയോട്ടിയുടെ മധ്യഭാഗത്ത് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രൊസിക്യൂഷന്റെ മുപ്പതാം സാക്ഷിയായ ഡോ. കന്തസ്വാമിയുടെ മൊഴി നല്‍കി. കൈക്കോടാലി പോലുള്ള ആയുധത്തിന്റെ പിന്‍ഭാഗം കൊണ്ടുള്ള ശക്തമായ അടിയാകാം ഇതെന്നും മൊഴി നല്‍കി.മുങ്ങി മരിക്കുന്ന മൃദേഹങ്ങളില്‍ കാണുന്ന ലക്ഷണങ്ങള്‍ അഭയയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നത്. മുങ്ങി മരണമാണെങ്കില്‍ ശ്വാസകോശത്തില്‍ എന്തെങ്കിലും പദാര്‍ത്ഥമുണ്ടാകും. കൈവിരലുകള്‍ മുറുക്കി പിടിച്ചിരിക്കും. ഇതിനുള്ളില്‍ ചെളിയോ പുല്ലുകളോ കാണും. ഇതൊന്നും അഭയയുടെ ശരീരത്തില്‍ കണ്ടതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ലെന്നും കന്തസ്വാമി മൊഴി നല്‍കി.