ന്യൂഡല്‍ഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതില്‍ കടുത്ത വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി സര്‍ക്കാര്‍ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് നടത്തിവരുന്ന പരിഷ്‌കരണങ്ങള്‍ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും തുരങ്കം വയ്ക്കാനാണ് സിസോദിയയെ അറസ്റ്റ് ചെയ്തത് എന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. മദ്യനയ കേസ് വെറും പുകമറ മാത്രമാണ്. സിസോദിയ ബിജെപിയില്‍ ചേര്‍ന്നാല്‍ നാളെ തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുമെന്നും കെജ്രിവാള്‍ പരിഹസിച്ചു.
അഴിമതി അല്ല ഇവിടെ വിഷയം. ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന ജനകീയ ഇടപെടലുകളാണ്. മന്ത്രിമാരുടെ മികച്ച പ്രവര്‍ത്തനങ്ങളാണ്- സിസോദിയയുടെ അറസ്റ്റില്‍ ആദ്യമായി പ്രതകരിക്കവെ കെജ്രിവാള്‍ പറഞ്ഞു. ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് എഎപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സിസോദിയയാണ്. ഞായറാഴ്ചയാണ് ഇദ്ദേഹത്തെ മദ്യനയ കേസില്‍ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതി റിമാന്റ് ചെയ്തു. അഞ്ച് ദിവസം സിബിഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകൊടുക്കുകയും ചെയ്തു.
മദ്യനയ കേസില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. അറസ്റ്റ് ചെയ്ത പിന്നാലെ സിസോദിയ മന്ത്രി പദവി രാജിവച്ചിരുന്നു. 18 വകുപ്പുകളാണ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ചില വകുപ്പുകള്‍ എഎപിയുടെ മറ്റു മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കി.
പഞ്ചാബില്‍ വിജയിച്ച ശേഷം എഎപിയെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് കെജ്രിവാള്‍ ആരോപിച്ചു. എന്നാല്‍ ബിജെപിയുടെ മോഹം ഒരിക്കലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മനീഷ് സിസോദിയക്ക് മുമ്പ് അറസ്റ്റിലായ എഎപി മന്ത്രിയാണ് സത്യേന്ദ്ര ജെയിന്‍. ആരോഗ്യ മന്ത്രിയായിരുന്നു ഇദ്ദേഹം. മൊഹല്ല ക്ലിനിക്ക് എന്ന ശ്രദ്ധിക്കപ്പെട്ട പദ്ധതി ഡല്‍ഹിയില്‍ ആവിഷ്‌കരിച്ചത് ഇദ്ദേഹമാണ്. മന്ത്രിമാരുടെ മികച്ച പ്രവര്‍ത്തനങ്ങളാണ് ബിജെപി അവരെ ലക്ഷ്യമിടാന്‍ കാരണമെന്ന് കെജ്രിവാള്‍ പറയുന്നു.
ബിജെപി സര്‍ക്കാരുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ നടത്തുന്നതിനേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് ഡല്‍ഹിയിലെ മന്ത്രിമാര്‍ ചെയ്യുന്നത്. ഒരു സ്‌കൂളിലേയോ ആശുപത്രിയിലേയോ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാങ്ങളിലെ മന്ത്രിമാര്‍ക്ക് സാധിച്ചിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് എഎപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സിപിഎം ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളും സമാനമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സിസോദിയയുടെ അറസ്റ്റിനെ പിന്തുണച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.